ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ നാലാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍. നാലാം ടെസ്റ്റ് ബ്രിസ്‌ബേനിലെ ഗാബ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുക. എന്നാല്‍ ബ്രിസ്‌ബേനിലെത്തുന്ന താരങ്ങള്‍ വീണ്ടും ക്വാറന്റീനില്‍ കഴിയണമെന്ന് റിപ്പോർട്ട് വന്നതോടെ നാലാം ടെസ്റ്റിന്റെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ക്രിക്ക്ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ക്വീന്‍സ്ലന്‍ഡിലാണ് ബ്രിസ്‌ബേന്‍ സ്ഥിതി ചെയ്യുന്നത്. അവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടുതലയാതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ വളരെ ശക്തമാണ്. ഇതുകാരണമാണ് താരങ്ങള്‍ വീണ്ടും ക്വാറന്റീനില്‍ കഴിയേണ്ട അവസ്ഥ വരുന്നത്. വീണ്ടും 14 ദിവസം ക്വാറന്റീനില്‍ കഴിയുക എന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.

ദുബായില്‍ 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയത്. അതിനുശേഷം സിഡ്‌നിയില്‍ താരങ്ങള്‍ വീണ്ടും 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. ബ്രിസ്‌ബേനില്‍ വീണ്ടും ക്വാറന്റീനില്‍ കഴിയാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കില്ലെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അങ്ങനെയാണെങ്കില്‍ ടെസ്റ്റ് മത്സരം മാറ്റിവെയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തേക്കും. 

Content Highlights: Brisbane Test in doubt as Indian team shows reluctance in accepting quarantine proposals