Photo: AP
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ പരിശീലകരെ പരിചയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. അതിസമ്പന്നമായ പരിശീലകരാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനുള്ളത്.
മുഖ്യ പരിശീലകനായി മുന്‍ ഓസീസ് താരം ടോം മൂഡിയെ തിരഞ്ഞെടുത്തു. മൂഡിയുടെ നേതൃത്വത്തില്‍ വലിയൊരു നിര തന്നെ താരങ്ങളെ പരിശീലിപ്പിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.
ബാറ്റിങ് പരിശീലകനായി ഇതിഹാസ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയാണ് എത്തുക. ഇതാദ്യമായാണ് ലാറ ഐ.പി.എല്ലില്‍ പരിശീലകന്റെ കുപ്പായമണിയുന്നത്. ബൗളിങ് പരിശീലകനായി സണ്‍റൈസേഴ്സിന്റെ മുന്‍ താരം കൂടിയായ ദക്ഷിണാഫ്രിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഡെയ്ല്‍ സ്റ്റെയ്ന് എത്തും.
ലാറയും സ്റ്റെയ്നും ടീമിലേക്കെത്തുന്നതോടെ സണ്‍റൈസേഴ്സ് ശക്തരായി മാറും. ഫീല്‍ഡിങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്പിന്‍ ബൗളിങ് വിഭാഗത്തിന്റെ ചുമതല മുത്തയ്യ മുരളീധരനാണ്. ശ്രീലങ്കയുടെ ഇതിഹാസ താരമായ മുരളീധരന് കഴിഞ്ഞ കുറച്ച് സീസണുകളായി സണ്‍റൈസേഴ്സിന്റെ ബൗളിങ് പരിശീലകനാണ്. ടോം മൂഡിയുടെ സഹായിയായി സഹപരിശീലകനായി മുന്‍ ഓസീസ് ഓപ്പണര്‍ സൈമണ്‍ കാറ്റിച്ചിനെയും നിയമിച്ചിട്ടുണ്ട്.
മൂഡിയും ലാറയും സ്റ്റെയ്നും മുരളീധരനും കാറ്റിച്ചും ബദാനിയുമെല്ലാം ഉള്‍പ്പെടുന്ന പരിശീലകനിരയെ സണ്‍റൈസേഴ്സ് പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ അമ്പരന്നു. ഇനി മികച്ച താരങ്ങളെ കൂടി ക്യാമ്പിലെത്തിച്ചാല്‍ സണ്‍റൈസേഴ്സിന് കപ്പുയര്ത്താമെന്നാണ് ആരാധകര്‍ പറയുന്നത്.
ഫെബ്രുവരിയിലായിരിക്കും ഐ.പി.എല്‍ മെഗാലേലം നടക്കുക. നായകന് കെയ്ന്‍ വില്യംസണ്, ഉമ്രാന് മാലിക്, അദ്ബുള്‍ സമദ് എന്നീ താരങ്ങളെയാണ് സണ്‍റൈസേഴ്സ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.
Content Highlights: Brian Lara, Dale Steyn among SRH's new coaching staff IPL 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..