ക്രൈസ്റ്റ്ചര്‍ച്ച്: വെടിക്കെട്ട് ബാറ്റിങ്ങിന്റെ പര്യായമായ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നു. അടുത്ത വര്‍ഷം ഫിബ്രവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയായിരിക്കും എല്ലാതരം അന്താരാഷ്ട്ര ക്രിക്കറ്റിലും നിന്നുള്ള വിരമിക്കല്‍. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഫിബ്രവരി 20നാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ്. ആദ്യ ടെസ്റ്റ് ഫിബ്രവരി 12ന് ആരംഭിക്കും. 34 കാരനായ മക്കല്ലത്തിന്റെ നൂറാം ടെസ്റ്റാണിത്.

ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിച്ചശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരന്നു മക്കല്ലത്തിന്റെ വിരമക്കല്‍ പ്രഖ്യാപനം. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാനായിരുന്നു മെക്കല്ലത്തിന്റെ പദ്ധതി. എന്നാല്‍, അതിനിടെ ടി ട്വന്റി ലോകകപ്പിന്റെ ടീം സെലക്ഷന്‍ വരുന്നതിനാലാണ് പ്രഖ്യാപനം നേരത്തെയാക്കിയത്.

Brendon McCullum

ഇതോടെ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി ട്വന്റി ലോകകപ്പില്‍ മക്കല്ലം ഉണ്ടാകില്ലെന്ന് ഉറപ്പായി. മെക്കല്ലത്തിന് പകരം കെയ്ന്‍ വില്ല്യംസണായിരിക്കും കിവീസിനെ നയിക്കുക.

ഓട്ടഗോയിലെ ഡുനെഡിനില്‍ ജനിച്ച വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായ മക്കല്ലം അച്ഛന്‍ സ്റ്റുവര്‍ട്ട് മക്കല്ലത്തിന്റെയും ചേട്ടന്‍ നഥാന്‍ മക്കല്ലത്തിന്റെയും പാതയിലാണ് ക്രീസിലെത്തിയത്. 2002ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. രണ്ട് വര്‍ഷം കഴിഞ്ഞ് ഹാമില്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു.

254 ഏകദിനങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറിയടക്കം 5909 റണ്‍സാണ് മക്കല്ലം നേടിയത്. അബര്‍ഡീനില്‍ അയര്‍ലന്‍ഡിനെതിരെ 135 പന്തില്‍ നിന്ന് നേടിയ 166 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 99 ടെസ്റ്റില്‍ നിന്ന് 11 സെഞ്ച്വറിയടക്കം 6273 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും  മൂന്ന് ഡബിള്‍ സെഞ്ച്വറിയും നേടിയ മക്കല്ലം ഒരു തവണ 195 റണ്‍സിനും ഒരു തവണ 99 റണ്‍സിനും പുറത്തായി. വെല്ലിങ്ടണില്‍ ഇന്ത്യയ്‌ക്കെതിരെ നേടിയ 302 റണ്‍സാണ് ഏറ്റവും വലിയ സ്‌കോര്‍. രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടിയതും ഇന്ത്യയ്‌ക്കെതിരെയാണ്. ശ്രീലങ്കയ്‌ക്കെതിരെയാണ് 195 റണ്‍സിന് പുറത്തായത്. ഏകദിനത്തില്‍ 258 ക്യാച്ചും 15 സ്റ്റമ്പിങ്ങും ടെസ്റ്റില്‍ 194 ക്യാച്ചും 11 സ്റ്റമ്പിങ്ങുമുണ്ട് മക്കല്ലത്തിന്റെ പേരില്‍.

2013ല്‍ വലിയ വിവാദങ്ങളുടെ അകമ്പടിയോടെയാണ് റോസ് ടെയ്‌ലറുടെ പകരക്കാരനായി മക്കല്ലം കിവീസ് ടീമിന്റെ നായകനായത്. അരങ്ങേറ്റ സീസണില്‍ ടീം രണ്ട് ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങിയാണ് പുതിയ നായകനെ വരവേറ്റത്. ഒരു മത്സരത്തില്‍ ടീം 45 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു. എന്നാല്‍, ഈ തകര്‍ച്ചയില്‍ നിന്ന് അത്ഭുതകരമായാണ് ടീം പിന്നീട് തിരിച്ചുവന്നത്. ആകെയുള്ള 29 മത്സരങ്ങളില്‍ പതിനൊന്നെണ്ണത്തില്‍ ടീമിന് ജയം സമ്മാനിച്ച് പുതിയ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു മെക്കല്ലം. കിവീസ് ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പിന്റെ ഫൈനല്‍ കളിച്ചതും മെക്കല്ലത്തിന്റെ നായകത്വത്തിലാണ്. ഐ.സി.സി.യുടെ ലോകകപ്പ് ഇലവന്റെ നായകനായി തിരഞ്ഞെടുത്തതും മക്കല്ലത്തെയായിരുന്നു.

Brendon McCullum

മെക്കല്ലത്തിന്റെ നായകത്വത്തിലാണ് പേസ് ബൗളര്‍മാരായ ട്രെന്റ് ബൗള്‍ട്ടും ടിം സൗത്തിയും ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസണുമെല്ലാം വളര്‍ന്നുവന്നത്. 

 ന്യൂസീലന്‍ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒട്ടാഗോ വോട്‌സിന്റെയും ഐ.പി.എല്ലില്‍ പുതിയ ടീമായ രാജ്‌കോട് ടീമിലും അംഗമാണ്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്ന മക്കല്ലത്തെ ഏഴര കോടി രൂപയ്ക്കാണ് രാജ്‌കോട്ട് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനുവേണ്ടിയും കളിക്കുന്നുണ്ട്.

അതിന് മുന്‍പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും കൊച്ചി ടസ്‌ക്കേഴ്‌സിനുവേണ്ടിയും കളിച്ചിട്ടുണ്ട്. കാന്റബറി, ഗ്ലാമോര്‍ഗന്‍, ന്യൂസൗത്ത് വെയ്ല്‍സ്, സസ്സക്‌സ്, വാര്‍വിക്ഷയര്‍ എന്നിവയാണ് മക്കല്ലം കളിച്ച മറ്റ് ടീമുകള്‍.