വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലറുമായുണ്ടായ അസ്വാരസ്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ താരം ബ്രെണ്ടന്‍ മക്കല്ലം. സ്‌കൈ സ്‌പോര്‍ട്‌സിന്റെ 'ക്യാപ്റ്റന്‍സ് ലോഗ്' എന്ന പോഡ്കാസ്റ്റ് പരമ്പരയിലാണ് ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത പടലപ്പിണക്കത്തിന്റെ കഥ മക്കല്ലം വെളിപ്പെടുത്തിയത്.

2011-ല്‍ ഡാനിയല്‍ വെട്ടോറി സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി ക്രമമാണ് ടെയ്‌ലറുമായുള്ള അസ്വാരസ്യത്തിന് കാരണമായതെന്ന് മക്കല്ലം പറയുന്നു. അന്ന് മക്കല്ലത്തെ മറികടന്ന് ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ടെയ്‌ലറെയായിരുന്നു.

''ക്യാപ്റ്റന്‍ സ്ഥാനത്തിനായി ഞാനും ടെയ്‌ലറും ഒരു അഭിമുഖത്തില്‍ പങ്കെടുക്കണമായിരുന്നു. പാനലിനു മുന്നില്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ചുള്ള പദ്ധതി അവതരിപ്പിക്കണമായിരുന്നു. എന്നാല്‍ എന്താണ് അവിടെ ചെയ്തതെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. എനിക്ക് ഒരു അവസരം ലഭിച്ചിരുന്നെങ്കില്‍ ഈ പരിപാടിക്ക് ഞാനില്ലെന്നും നിങ്ങള്‍ റോസ് ടെയ്‌ലറെ ക്യാപ്റ്റനാക്കിക്കോളൂ എന്നും ഞാന്‍ പറഞ്ഞേനെ. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തിലെ കറപുരണ്ട ഒരു അധ്യായമായിരുന്നു അത്. എന്നിലും ടെയ്‌ലറിലും അത് കടുത്ത സമ്മര്‍ദമുണ്ടാക്കുകയും ചെയ്തു. അത് വൈകാതെ ടെയ്‌ലറില്‍ നിന്ന് ക്യാപ്റ്റന്‍സി എന്നലേക്കെത്താനും കാരണമായി'', മക്കല്ലം പറഞ്ഞു.

അണ്ടര്‍ 19 കാലത്തു തന്നെ ഒരുമിച്ച് കളിച്ചിരുന്നവരാണ് ഇരുവരും. അക്കാലത്ത് മക്കല്ലമായിരുന്നു ടീം ക്യാപ്റ്റന്‍. ടെയ്‌ലര്‍ വൈസ് ക്യാപ്റ്റനും. അക്കാലത്തെ ഒരു ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ടെയ്‌ലറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. ഫോര്‍മാറ്റ് അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍സി വിഭജിക്കാനാണ് അന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. പക്ഷേ മക്കല്ലവുമായി ക്യാപ്റ്റന്‍സി പങ്കിടാനില്ലെന്ന് ടെയ്‌ലര്‍ അറിയിച്ചതോടെ മക്കല്ലം തന്നെ മൂന്ന് ഫോര്‍മാറ്റിലും കിവീസ് ക്യാപ്റ്റനായി.

അക്കാലത്ത് അത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. 2012-ലെ വിന്‍ഡീസ് പര്യടനത്തിലാണ് ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന് ക്രിക്കറ്റ് ലോകം മനസിലാക്കുന്നത്.

ടെയ്‌ലറുമായുള്ള ബന്ധത്തെ കുറിച്ച് മക്കല്ലം പറയുന്നത് ഇങ്ങനെയാണ്; ''ഞങ്ങള്‍ നല്ല സുഹൃത്തുക്കളൊന്നുമല്ല. എന്നാല്‍ ഞാന്‍ ടെയ്‌ലറിനെ വലിയ അളവില്‍ തന്നെ ബഹുമാനിക്കുന്നു. മികച്ച കരിയറാണ് അദ്ദേഹത്തിന്റേത്''.

Content Highlights: Brendon McCullum opens up on fallout with Ross Taylor