ഹരാരെ: ക്രിക്കറ്റില്‍ ഹിറ്റ് വിക്കറ്റിലൂടെ ബാറ്റ്‌സ്മാന്‍ പുറത്താകുക എന്നത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ ആ ഹിറ്റ് വിക്കറ്റില്‍ മറ്റൊരു അപൂര്‍വ്വത കൂടിയുണ്ടെങ്കിലോ? ബംഗ്ലാദേശ്-സിംബാബ്‌വെ ഏകദിന മത്സരത്തില്‍ സിംബാബ്‌വെ ക്യാപ്റ്റനായ ബ്രണ്ടന്‍ ടെയ്‌ലറുടെ ഹിറ്റ് വിക്കറ്റ് പുറത്താകലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. 

ബാറ്റ്‌സ്മാന്‍ ബാക്ക് ഫൂട്ടില്‍ ഇറങ്ങി കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരഭാഗങ്ങളോ ബാറ്റോ സ്റ്റമ്പില്‍ കൊണ്ട് ഹിറ്റ് വിക്കറ്റ് ആയാണ് സാധാരണയായി ഔട്ട് ആകാറുള്ളത്. എന്നാല്‍ ടെയ്‌ലര്‍ക്ക് സംഭവിച്ചത് ഇതൊന്നുമല്ല. കൈയില്‍ തൂക്കിപിടിച്ച ബാറ്റിന്റെ അഗ്രം സ്റ്റമ്പില്‍ തട്ടിയാണ് ടെയ്‌ലര്‍ പുറത്തായത്. 

സിംബാബ്‌വെ ഇന്നിങ്‌സിന്റെ 25-ാം ഓവറില്‍ ബംഗ്ലാദേശിന്റെ ശെരീഫുല്‍ ഇസ്ലാം എറിഞ്ഞ പന്ത് തേര്‍ഡ് മാനിന് മുകളിലൂടെ സ്‌കൂപ്പ് ചെയ്യാന്‍ ടെയ്‌ലര്‍ ശ്രമിച്ചു. എന്നാല്‍ പന്ത് ബാറ്റില്‍കൊണ്ടില്ല. പന്ത് വിക്കറ്റ് കീപ്പറുടെ കൈയിലെത്തി. പിന്നാലെ ടെയ്‌ലര്‍ പിച്ചിന്റെ വശത്തേക്ക് നടക്കുന്നതിനിടെ കൈയില്‍ തൂക്കിപിടിച്ച ബാറ്റിന്റെ അഗ്രം സ്റ്റമ്പില്‍ തട്ടുകയായിരുന്നു. അമ്പയര്‍ ഹിറ്റ് വിക്കറ്റ് ഔട്ട് വിളിച്ചു. പുറത്താകുമ്പോള്‍ 46 റണ്‍സായിരുന്നു ടെയ്‌ലറുടെ സമ്പാദ്യം.

2019-ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശ്-വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെ വെസ്റ്റിന്‍ഡീസിന്റെ ഒഷെയ്ന്‍ തോമസും ഇത്തരത്തില്‍ പുറത്തായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Content Highlights: Brendan Taylor gets out hit wicket in arguably the most bizarre manner Zimbabwe vs Bangladesh