നൗകല്‍പന്‍ (മെക്‌സിക്കോ): വനിതാ ട്വന്റി-20 ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ആരാധകരെ അമ്പരപ്പിക്കുന്ന മത്സരങ്ങളാണ് നടക്കുന്നത്. അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയെ ബ്രസീല്‍ 12 റണ്‍സിന് പുറത്താക്കിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ബ്രസീലും കാനഡയും തമ്മിലുള്ള മത്സരത്തിന്റെ കൗതുകകരമായ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 

17 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബ്രസീല്‍ വനിതകള്‍ നേടിയത് 48 റണ്‍സാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ് മാത്രമായിരുന്നു. അഞ്ചു വിക്കറ്റും കൈയിലുണ്ടായിരുന്നു. 

കാനഡയുടെ വിജയം ഉറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാല്‍ അവിശ്വസനീയമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ ഓവറിലെ ആദ്യ അഞ്ചു പന്തില്‍ കാനഡയ്ക്ക് അഞ്ചു വിക്കറ്റും നഷ്ടപ്പെട്ടു. മത്സരം തോറ്റെന്നു ഉറപ്പിച്ച ബ്രസീലിന് ഒരു റണ്ണിന്റെ അമ്പരപ്പിക്കുന്ന വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്രസീല്‍ 17 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സാണ് നേടിയത്. 32 പന്തില്‍ രണ്ടു ഫോറുകളോടെ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ റോബര്‍ട്ട ആവേരിയായിരുന്നു ബ്രസീലിന്റെ ടോപ് സ്‌കോറര്‍. ബ്രസീല്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.

മറുപടി ബാറ്റിങ്ങില്‍ കാനഡ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ മൂന്നു റണ്ണെടുത്താല്‍ വിജയിക്കാം. എന്നാല്‍ ബ്രസീലിനായി ആ ഓവര്‍ എറിഞ്ഞ ലൗറ കാര്‍ഡോസോ മത്സരം മാറ്റിമറിച്ചു. 24 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ക്രിമ കപാഡിയ ആദ്യ പന്തില്‍ പുറത്ത്. പിന്നാലെ ക്രീസിലെത്തിയ ഹാല അസ്മത്ത്, ഹിബ ഷംഷാദ്, സന സഫര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. അഞ്ചാം പന്തില്‍ കാനഡയുടെ ടോപ് സ്‌കോറര്‍ മുഖ്‌വിന്ദര്‍ സിങ് ടരണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ റണ്‍ഔട്ടായി. ഇതോടെ ബ്രസീലിന് ഒരു റണ്ണിന്റെ അവിശ്വസനീയ വിജയം!

 

Content Highlights: Brazil Women Take Five Wickets in Final Over to Defeat Canada Women by One Run