സിഡ്നി: 2018-ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് സുരേഷ് റെയ്ന അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. മധ്യനിര ബാറ്റ്സ്മാനായ റെയ്നക്ക് അതിനുശേഷം ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല. ഇനി ഒരിക്കലെങ്കിലും ഇന്ത്യക്കായി കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയ്ന. എന്നാൽ ഇന്ത്യൻ ടീമിൽ ഇനി റെയ്നക്ക് സ്ഥാനം കിട്ടില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും ഓസ്ട്രേലിയയുടെ മുൻതാരം ബ്രാഡ് ഹോഗ് പറയുന്നു.

'യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ആഗ്രഹിക്കുന്നത്. അതുകൊണ്ട് പ്ലെയിങ് ഇലവനിൽ ഇനി റെയ്നക്ക് സ്ഥാനമുണ്ടാകുമെന്ന് കരുതുന്നില്ല. നാലാം നമ്പറിലാണ് റെയ്നക്ക് പ്രതീക്ഷിക്കാവുന്ന ഇടമുണ്ടായിരുന്നത്. ആ സ്ഥാനത്ത് ഇപ്പോൾ ശ്രേയസ് അയ്യരുണ്ട്.

ഇന്ത്യയുടെ ലൈനപ്പ് നോക്കിയാൽ യുവതാരങ്ങളുടെ പ്രാധാന്യം മനസ്സിലാകും. ഈ സാഹചര്യത്തിൽ റെയ്നയെ ടീമിലെടുത്താലും അദ്ദേഹം ഏതു സ്ഥാനത്ത് ബാറ്റു ചെയ്യും എന്നത് വലിയ ചോദ്യമാണ്.' ഹോഗ് വ്യക്തമാക്കുന്നു.

റെയ്നക്ക് നേരിയ സാധ്യതയുള്ളത് ഓപ്പണർ ശിഖർ ധവാൻ ടീമിൽ നിന്ന് പുറത്തായാൽ മാത്രമാണ്. കെ.എൽ രാഹുലും രോഹിത് ശർമയും ഇന്നിങ്സ് ഓപ്പൺ ചെയ്താൽ റെയ്നക്ക് മധ്യനിരയിൽ സ്ഥാനം ലഭിച്ചേക്കും. എന്നാൽ അതിനുള്ള സാധ്യത വിരളമാണ്. ഹോഗ് കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 226 ഏകദിനങ്ങളും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുള്ള റെയ്ന ഐ.പി.എല്ലിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷിയിലാണ്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായാണ് റെയ്ന കളിക്കുന്നത്.

Content Highlights: Brad Hogg on Suresh Raina, Indian Cricket