കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ബി.സി.സി.ഐക്കുമെതിരെ പാകിസ്താന്റെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായി ജാവേദ് മിയാന്‍ദാദ്. ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരായ മത്സരങ്ങള്‍ പാകിസ്താന്‍ ബഹിഷ്‌കരിക്കണമെന്ന് മിയാന്‍ദാദ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ താത്പര്യവും അഭിമാനവും കണക്കിലെടുത്ത് ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധത്തില്‍ പാകിസ്താന്‍ ശക്തമായി ഒരു നിലപാട് എടുക്കേണ്ട സമയമാണിതെന്നും മിയാന്‍ദാദ് വ്യക്തമാക്കി. പാകിസ്താനായി 124 ടെസ്റ്റ് കളിച്ചിട്ടുള്ള മിയാന്‍ദാദ് മൂന്നു തവണ ദേശീയ ടീമിന്റെ പരിശീലകനാകുകയും ചെയ്തിട്ടുണ്ട്.

'ഇത് നമ്മള്‍ പ്രതികരിക്കേണ്ട സമയമാണ്. പാകിസ്താനുമായി പരമ്പര കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെങ്കില്‍ ഒരു അന്താരാട്ര ടൂര്‍ണമെന്റിലും ഇന്ത്യക്കെതിരെ കളിക്കേണ്ട ആവശ്യം നമുക്കില്ല. എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ നിന്നും ഇന്ത്യക്കെതിരായ നമ്മുടെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കണം' മിയാന്‍ദാദ് ചൂണ്ടിക്കാട്ടി. ഒരു പരമ്പര കളിക്കാമോ എന്ന രീതിയില്‍ ഇന്ത്യയോട് യാചിക്കുന്നത് പ്രയോജനമില്ലാത്ത കാര്യമാണെന്നും മിയാന്‍ദാദ് പറഞ്ഞു.

' ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്താന്‍ തീരുമാനമെടുത്താന്‍ അത് ഐ.സി.സിക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. ഒപ്പം ടൂര്‍ണമെന്റുകളുടെ മാറ്റു കുറയുകയും ചെയ്യും. അതിനു ശേഷം മാത്രമേ നമുക്ക് ബഹുമാനം ലഭിക്കൂ. നമ്മുടെ വാദങ്ങള്‍ ആരെങ്കിലും ചെവിയോര്‍ക്കൂ' മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ക്രിക്കറ്റിനോട് ഇന്ത്യ ചെയ്യുന്ന അനീതി ഐ.സി.സി മനസ്സിലാക്കണമെന്നും മിയാന്‍ദാദ് പറഞ്ഞു.

പാകിസ്താനോടുള്ള ഇന്ത്യയുടെ സമീപനം മാറ്റാന്‍ ഐ.സി.സിക്ക് കഴിയില്ലെങ്കില്‍ പിന്നെ ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരെ തങ്ങള്‍ കളിക്കേണ്ട ആവശ്യമെന്താണെന്നും മിയാന്‍ദാദ് ചോദിച്ചു. 2012ല്‍ ഇന്ത്യയില്‍ പോയി പരമ്പര കളിച്ചത് ഏറ്റവും വലിയ അബദ്ധമാണെന്നും ഇന്ത്യക്ക് അന്ന് കോടിക്കണക്കിന് രൂപ ലാഭം ലഭിച്ചപ്പോള്‍ പാക് ടീമിന് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മിയാന്‍ദാദ് ചൂണ്ടിക്കാട്ടി. 

രാജ്യത്തിന്റെ അഭിമാനത്തിനാണ് വില കല്‍പ്പിക്കേണ്ടത്. ഇന്ത്യന്‍ ടീമിനെതിരായ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുക. എന്താണ് സംഭവിക്കുകയെന്ന് കാണാമല്ലോ. ഏതായാലും നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല. മിയാന്‍ദാദ് ചൂണ്ടിക്കാട്ടി.