ലണ്ടന്‍: ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്.

122 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ 77.4ഓവറില്‍ ഒമ്പത് വിക്കറ്റിന് 303 റണ്‍സെന്ന നിലയിലാണ്.

ഒരു വിക്കറ്റ് കൈയ്യിലിരിക്കെ ആതിഥേയര്‍ക്ക് 181 റണ്‍സ് ലീഡായി. വെളിച്ചക്കുറവ് കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

സ്‌കോര്‍ ഇംഗ്ലണ്ട് 85, ഒമ്പതിന് 303. അയര്‍ലന്‍ഡ് 207.

ഓപ്പണറുടെ റോളില്‍ ഇറങ്ങിയ നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീച്ചിന്റേയും (92) ജേസണ്‍ റോയിയുടേയും (72) ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനെ തുണച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 145 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

മാര്‍ക്ക് അഡയറിന്റെ മൂന്നു വിക്കറ്റ് പ്രകടനത്തില്‍ ഒരു ഘട്ടത്തില്‍ രണ്ടിന് 171 എന്ന നിലയില്‍ നിന്ന് ആറിന് 219 എന്ന അവസ്ഥയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നിരുന്നു. എന്നാല്‍ സാം കറന്‍ (37), സ്റ്റുവര്‍ട്ട് ബ്രോഡ് (21*) എന്നിവരുടെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ തുണച്ചു. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം ഒലി സ്റ്റോണ്‍ (പൂജ്യം) ആണ്  ക്രീസില്‍.

അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബോയ്ഡ് റാന്‍കിന്‍, സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.

162 പന്തിലാണ് ലീച്ച് 92 റണ്‍സെടുത്തത്. 78 പന്തില്‍ നിന്നാണ് റോയിയുടെ 72 റണ്‍സ് വന്നത്. റോറി ബേണ്‍സ് (6), ജോ ഡെന്‍ലി (10),ജോണി ബെയര്‍സ്റ്റോ (0),മോയിന്‍ അലി (9) എന്നിവര്‍ നിരാശപ്പെടുത്തി.

Content Highlights: Bowlers put Ireland on course for maiden Test win