മിര്‍പുര്‍: ട്വന്റി 20 ലോകകപ്പ് തുടങ്ങാനിരിക്കേ ക്രിക്കറ്റ് ലോകത്തിന് വലിയ മുന്നിറിയിപ്പാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നല്‍കുന്നത്. കരുത്തരായ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ബംഗ്ലാദേശ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. 

ആദ്യം ബാറ്റ് ചെയ്ത കിവീസിനെ വെറും 60 റണ്‍സിന് ബംഗ്ലാ കടുവകള്‍ ഓള്‍ ഔട്ടാക്കി. കിവീസിന്റെ ട്വന്റി 20 യിലെ ഏറ്റവും ചെറിയ ടോട്ടലാണിത്. വെറും 16.5 ഓവറില്‍ കിവീസ് ടീമംഗങ്ങള്‍ മുഴുവന്‍ കൂടാരം കയറി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 15 ഓവറില്‍ വിജയത്തിലെത്തി.

ടോസ് നേടി ആതിഥേയര്‍ക്കെതിരേ് ബാറ്റിങ് തെരെഞ്ഞെടുത്ത കിവീസ് നായകന്‍ ടോം ലാഥത്തിന് തെറ്റി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ മെഹ്ദി ഹസ്സന്‍ പുറത്താക്കി. 18 റണ്‍സെടുത്ത ടോം ലാഥവും ഹെന്റി നിക്കോള്‍സും മാത്രമാണ് ടീമിനായി രണ്ടക്കം കടന്നത്. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസും അഹമ്മദ്, ഷാക്കിബ് അല്‍ ഹസ്സന്‍, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച വിക്കറ്റ് മെഹ്ദി ഹസന്‍ സ്വന്തമാക്കി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കുവും തകര്‍ച്ചയോടെയായിരുന്നു. ഏഴുറണ്‍സിന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസ്സനും (25), മുഷ്ഫിഖുര്‍ റഹീമും (16) മഹ്മുദുള്ളയും (14*) ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. 

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 1-0 ന് മുന്നിലെത്തി. ഷാക്കിബ് അല്‍ ഹസ്സനാണ് കളിയിലെ താരം. 

നേരത്തേ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും ബംഗ്ലാദേശ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. അന്ന് 4-1 ന് ടീം പരമ്പര സ്വന്തമാക്കി. ഓഗസ്റ്റ് ഒന്‍പതിന് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസിസിനെ ബംഗ്ലാദേശ് വെറും 62 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു.

Content Highlights: Bowlers Help Bangladesh Claim First T20 Win Over New Zealand