Image Courtesy: Getty Images, Twitter
മെല്‍ബണ്‍: ഷുഐബ് അക്തറിനൊപ്പം തന്നെ തന്റെ പന്തുകളുടെ വേഗം കൊണ്ട് ബാറ്റ്സ്മാന്മാര്ക്ക് ഉള്‍ക്കിടിലമുണ്ടാക്കിയ പേസറായിരുന്നു മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീ. സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, ബ്രയാന്‍ ലാറ, ജാക്ക് കാലിസ്, കുമാര്‍ സംഗക്കാര, ഇന്‍സമാം ഉള് ഹഖ്, കെവിന് പീറ്റേഴ്സണ് തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക മികച്ച ബാറ്റ്സ്മാന്മാര്ക്കെതിരെയും ലീ പന്തെറിഞ്ഞിട്ടുണ്ട്.
രണ്ടു തവണ ലോകകപ്പ് (2003, 2007) നേടിയ ടീമിലെ അംഗമായിരുന്ന ലീ, സച്ചിന് തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ജാക്ക് കാലിസ് എന്നിവരെയാണ് താന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ സിംബാബ്വെ താരം പോമ്മി എംബാങ്വയുമായുള്ള ക്രിക്ബസ്സിന്റെ ഒരു അഭിമുഖത്തിലാണ് ലീ തന്റെ ഏറ്റവും മികച്ച എതിരാളികളെ തിരഞ്ഞെടുത്തത്.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് സച്ചിനെ ബ്രെറ്റ് ലീ വിശേഷിപ്പിക്കുന്നത്. ഒരു പന്ത് കളിക്കാന്‍ സച്ചിന് മറ്റുള്ളവരേക്കാള്‍ ഒരു എക്സ്ട്രാ സമയം ലഭിക്കുമായിരുന്നു. പോപ്പിങ് ക്രീസില്‍ നിന്നാണ് അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. അത് ഒരു പന്ത് കളിക്കാന്‍ അദ്ദേഹത്തിന് മറ്റുള്ളവരേക്കാള്‍ സമയം ലഭിക്കുന്ന തോന്നലുണ്ടാക്കിയിരുന്നുവെന്നും ലീ കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ ആറു പന്തുകളും ഒരേ സ്ഥലത്ത് എറിഞ്ഞാല്‍ ആറും ആറ് വ്യത്യസ്ത ഭാഗങ്ങളിലേക്ക് അടിച്ചുപറത്താന്‍ കെല്‍പ്പുള്ള താരമാണ് ബ്രയാന്‍ ലാറയെന്നായിരുന്നു വിന്‍ഡീസ് ഇതിഹാസത്തെ കുറിച്ചുള്ള ലീയുടെ വാക്കുകള്‍. എവിടേക്ക് വേണമെങ്കിലും ലാറ അനായാസം ഷോട്ടുകള്‍ കളിക്കുമെന്നും ലീ ചൂണ്ടിക്കാട്ടി.
മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനെ താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്നാണ് ലീ വിശേഷിപ്പിച്ചത്. ബൗളിങ് ഓപ്പണ്‍ ചെയ്യാനും ബാറ്റ്സ്മാനായി ഏത് ടീമില്‍ കളിക്കാനും കാലിസിന് സാധിക്കുമെന്നും ലീ ചൂണ്ടിക്കാട്ടി. കാലിസ് മഹാനായ കംപ്ലീറ്റ് ക്രിക്കറ്ററാണെന്നാണ് ലീയുടെ അഭിപ്രായം.
Content Highlights: Bowl six balls at one place, he would hit them in six different directions Brett Lee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..