ദുബായ്: അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്താനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം ചൂടിയത്. പാകിസ്താന്‍ മുന്നോട്ടുവെച്ച 309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. 

71 പന്തില്‍ 77 റണ്‍സ് നേടിയ ദീപഖ് മാലിക്കും അര്‍ധസെഞ്ചുറി നേടിയ നായകന്‍ അജയ് കുമാര്‍ റെഡ്ഡിയുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ദീപഖ് തന്നെയാണ് ഫൈനലിലെ താരവും. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനായി ബദര്‍ മുനീര്‍, റിയാസത് ഖാന്‍, ക്യാപ്റ്റന്‍ നിസാര്‍അലി എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ബദര്‍ മുനീര്‍ 57 റണ്‍സടിച്ചപ്പോള്‍ റിയാസത് ഖാന്‍ 48ഉം നിസാര്‍ അലി 47ഉം റണ്‍സ് നേടി. 

സെമിഫൈനലില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ പാകിസ്താനുമായുള്ള മത്സരത്തിന് കളമൊരുക്കിയത്. സെമിയില്‍ ലങ്കയ്‌ക്കെതിരെ 156 റണ്‍സിനായിരുന്നു പാകിസ്താന്റെ വിജയം. നേരത്തെ ഗ്രൂപ്പ മത്സരത്തില്‍ ഇന്ത്യ, പാകിസ്താനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ നടന്നത്. ഇതുവരെ നടന്ന ഏഴ് ലോകകപ്പുകളില്‍ അഞ്ചു തവണയും കിരീടം ഇന്ത്യക്കായിരുന്നു. ടിട്വന്റി ലോകകപ്പിലും നിലവിലെ ചാമ്പ്യന്‍മാര്‍ ഇന്ത്യയാണ്. 

Content highlights: Blind Cricket World Cup India Beat Pakistan In Final