റാവല്‍പിണ്ടി: ഐ.പി.എല്ലിന്റെ ആവേശത്തിനിടെ ആരും ശ്രദ്ധിക്കാതെ പോയ ഒരു വിജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മൂന്നാം ഏകദിനത്തില്‍ പാകിസ്താനെ വീഴ്ത്തി സിംബാബ്‌വെ തുടര്‍തോല്‍വികള്‍ക്ക് അറുതി വരുത്തി. 1998 നവംബറിന് ശേഷം പാക് മണ്ണിലെ സിംബാബ്‌വെയുടെ ആദ്യ ജയമാണിത്. 

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും സിംബാബ്‌വെ പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു.

സെഞ്ചുറി നേടി പുറത്താകാതെ നിന്ന സീന്‍ വല്യംസും (118) അര്‍ധ സെഞ്ചുറി നേടിയ ബ്രണ്ടന്‍ ടെയ്‌ലറുമാണ് (56) സിംബാബ്‌വെയെ മികച്ച സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ സെഞ്ചുറിയുടെയും (125) വാലറ്റത്ത് മികച്ച പ്രകടനം പുറത്തെടുത്ത വഹാബ് റിയാസിന്റെയും (52) മികവില്‍ പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സിംബാബ്‌വെയ്ക്കായി ബ്ലെസ്സിങ് മുസരബാനി അഞ്ചു വിക്കറ്റുമായി തിളങ്ങി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.

സിംബാബ്‌വെയ്ക്കായി സൂപ്പര്‍ ഓവറിലും ബ്ലെസ്സിങ് മുസരബാനി തിളങ്ങി. ആദ്യ പന്തില്‍ത്തന്നെ ഇഫ്തിഖര്‍ അഹമ്മദിനെ പുറത്താക്കിയ മുസരബാനി നാലാം പന്തില്‍ ഖുഷ്ദില്‍ ഷായേയും മടക്കി. വെറും രണ്ട് റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ പാകിസ്താന് നേടാനായത്. മൂന്നു പന്തുകള്‍ ബാക്കിനിര്‍ത്തി സിംബാബ്‌വെ വിജയത്തിലെത്തുകയും ചെയ്തു.

Content Highlights: Blessing Muzarabani star as Zimbabwe beat Pakistan in Super Over