സിഡ്‌നി: ട്വന്റി-20 ക്രിക്കറ്റില്‍ രസകരമായ പല സംഭവങ്ങളും ഗ്രൗണ്ടില്‍ നടക്കാറുണ്ട്. ഡൈവിങ് ക്യാച്ചുകളും അപ്രതീക്ഷിതമായ റണ്‍ഔട്ടുകളും മത്സരത്തെ ആവേശത്തിലാക്കാറുണ്ട്. എന്നാല്‍ ഇതിനെല്ലാമപ്പുറമുള്ള ഒരു റണ്‍ഔട്ടാണ് ബിഗ് ബാഷ് ലീഗില്‍ സംഭവിച്ചത്. മെല്‍ബണ്‍ റെനെഗേഡ്‌സും സിഡ്‌നി തണ്ടേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

സിഡ്‌നി തണ്ടേഴ്‌സിന്റെ ഇന്നിങ്‌സിനിടെയാണ് സംഭവം. ഹാരി ഗര്‍ണിയൂടെ ഓവറില്‍ ഗുരീന്ദര്‍ സന്ധു സിംഗിളെടുക്കാന്‍ ശ്രമിച്ചു. ഓടണോ വേണ്ടയൊ എന്ന ആശയക്കുഴപ്പത്തിനിടയില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ജൊനാഥന്‍ കുക്ക് ഓടിത്തുടങ്ങിയിരുന്നു. എന്നാല്‍ ഇരുവരുടേയും ഓട്ടത്തിനിടയിലേക്ക് ബൗളര്‍ ഗര്‍ണി കടന്നുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. താഴെ വീണ പന്തെടുത്ത് റണ്‍ഔട്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഗര്‍ണി. 

ഇതോടെ കുക്കും സന്ധുവും കൂട്ടിയിടിച്ചു. കുക്ക് നിലതെറ്റി താഴെ വീണു. പന്തെടുക്കുന്നതിനിടയില്‍ ഗര്‍ണിയ്ക്കും നിലതെറ്റി. വീണു കിടക്കുന്ന കുക്കിനെ കണ്ടപ്പോള്‍ റണ്‍ഔട്ടാക്കണോ എന്ന ചിന്തയായി ഗര്‍ണിയക്ക്. ഈ അവസരം മുതലെടുത്ത് കുക്ക് പതുക്കെ എഴുന്നേറ്റ് വീണ്ടും ക്രീസിലെത്താന്‍ ശ്രമിച്ചു. ഇതോടെ പന്ത് ഗര്‍ണി വിക്കറ്റ് കീപ്പര്‍ക്ക് കൈമാറി. വിക്കറ്റ് കീപ്പര്‍ ബെയ്ല്‍ ഇളക്കി. കുക്ക് പുറത്തായി. 

 

Content Highlights: Bizarre Run Out In Big Bash League Cricket