ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലങ്കന്‍ താരം ധനുഷ്‌ക ഗുണതിലകയുടെ പുറത്താകലിനെ ചുറ്റിപ്പറ്റി വിവാദം പുകയുന്നു. 

ഫീല്‍ഡിങ്ങിന് തടസം സൃഷ്ടിച്ചെന്ന് ആരാപിച്ചുള്ള വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ അപ്പീലിനെ തുടര്‍ന്നാണ് അമ്പയര്‍മാര്‍ ഗുണതിലകയെ ഔട്ട് വിധിച്ചത്. 

മത്സരത്തിന്റെ 22-ാം ഓവറിലായിരുന്നു സംഭവം. പൊള്ളാര്‍ഡിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച താരത്തിന്റെ ബാറ്റില്‍ തട്ടി പന്ത് ക്രീസിന് തൊട്ടുവെളിയില്‍ വീണു. റണ്ണിനായി ഓടിയ നോണ്‍ സ്‌ട്രൈക്കറോട് വേണ്ടെന്ന് പറയുകയായിരുന്ന ഗുണതിലക ക്രീസിന് വെളിയിലായിരുന്നു. തിരിച്ച് ക്രീസില്‍ കയറാനുള്ള ശ്രമത്തിനിടെ താരത്തിന്റെ കാലില്‍ തട്ടിയ പന്ത് റണ്ണൗട്ടിനായി ഓടിയെത്തിയ പൊള്ളാര്‍ഡിന് പിടിക്കാന്‍ സാധിക്കാതെ വന്നു. 

ഉടന്‍ തന്നെ ഫീല്‍ഡ് തടസപ്പെടുത്തി (obstructing the field) എന്ന് ആരോപിച്ച് പൊള്ളാര്‍ഡ് അപ്പീല്‍ ചെയ്തു. ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ തേര്‍ഡ് അമ്പയറോട് സംസാരിച്ച് ഗുണതിലകയെ പുറത്താക്കുകയായിരുന്നു.

ഇതിനു പിന്നാലെ വിവാദ പുറത്താകലില്‍ ക്രിക്കറ്റ് ലോകം രണ്ടു തട്ടിലായി. മൈത്തല്‍ വോണ്‍, ടോം മൂഡി, ഡാരന്‍ സമി എന്നിവര്‍ അമ്പയര്‍മാരുടെ തീരുമാനത്തിനെതിരേ രംഗത്തെത്തിയപ്പോള്‍ ഓസീസ് താരം ബ്രാഡ് ഹോഗ് അമ്പയര്‍മാരുടെയും പൊള്ളാര്‍ഡിന്റെയും തീരുമാനത്തോട് യോജിച്ചു.

Content Highlights: Bizarre dismissal in West Indies-Sri Lanka ODI sparks controversy