അബുദാബി: ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള ടിട്വന്റി ക്രിക്കറ്റ് പരമ്പരയ്ക്ക് ഒക്ടോബര്‍ 24ന് അബുദാബിയില്‍ തുടക്കം കുറിക്കുകയാണ്. എന്നാല്‍ തുടങ്ങുന്നതിന് മുമ്പെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ് ഈ പരമ്പര.ഗ്രൗണ്ടിലെ പ്രകടനത്തിന്റെ പേരിലല്ല, മറിച്ച് വിജയികള്‍ക്കുള്ള ട്രോഫിയുടെ പേരിലായിരിക്കും ഈ പരമ്പര ഓര്‍മിക്കപ്പെടുക. 

മത്സരത്തിന് മുമ്പ് ഞായറാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രോഫി പുറത്തിറക്കിയത്. ഈ ട്രോഫി കണ്ട് എല്ലാവരും കണ്ണു മിഴിച്ചു. മൂന്ന് സ്റ്റമ്പും ഒരു പന്തും ഒപ്പം ഒരു ബിസ്‌ക്കറ്റുമാണ് ട്രോഫിയിലുള്ളത്. സ്റ്റമ്പിന് മുകളിലുള്ള ഈ ബിസ്‌ക്കറ്റ് കണ്ടാണ് ആളുകളുടെ നെറ്റി ചുളിഞ്ഞത്. 

ട്രോഫി പിടിച്ചുനില്‍ക്കുന്ന ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റേയും പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇത് ഫോട്ടോഷോപ്പെല്ലെന്നും യഥാര്‍ഥ ട്രോഫിയാണെന്നും ആരാധകര്‍ ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: Biscuit Trophy for T20 Series Between Pakistan and Australia Has Twitter in Splits