ദുബായ്:  പാക് ഓഫ് സ്പിന്നര്‍ ബിലാല്‍ ആസിഫിന്റെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയ. 33-ാം വയസ്സില്‍ പാകിസ്താനായി അരങ്ങേറ്റം കുറിച്ച ബിലാല്‍ ആദ്യ ടെസ്റ്റില്‍ ഓസീസിന്റെ ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. 21.3 ഓവര്‍ പന്തെറിഞ്ഞ താരം ഏഴു മെയ്ഡന്‍ ഓവറടക്കം വിട്ടുകൊടുത്തത് 36 റണ്‍സ് മാത്രം. നാല് വിക്കറ്റുമായി മുഹമ്മദ് അബ്ബാസ്, ബിലാല്‍ ആസിഫിന് മികച്ച പിന്തുണ നല്‍കി.

പാകിസ്താനെ 482 റണ്‍സിന് പുറത്താക്കി ഒന്നാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഉസ്മാന്‍ ഖ്വാജയും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 142 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 62 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി അബ്ബാസ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ഓസീസിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 

അബ്ബാസിന്റേയും ആസിഫിന്റേയും ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 60 റണ്‍സിനിടയില്‍ ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകള്‍ ഓസീസ് നഷ്പ്പെടുത്തി. 85 റണ്‍സെടുത്ത ഖ്വാജയാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

ഇതോടെ 280 റണ്‍സ് ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 45 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മുഹമ്മദ് ഹഫീസിന്റേയും ഹാരിസ് സുഹൈലിന്റേയും ബാറ്റിങ് മികവിലാണ് പാകിസ്താന്‍ 482 റണ്‍സടിച്ചത്. ഹഫീസ് 126 റണ്‍സെടുത്തപ്പോള്‍ 110 റണ്‍സായിരുന്നു ഹാരിസ് സുഹൈലിന്റെ സമ്പാദ്യം. 

Content Highlights: Bilal Asif Six Wickets Pakistan vs Australia First Test