വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഉപയോഗിക്കുന്ന വെല്ലിങ്ടണിലെ പിച്ചിന്റെ  ചിത്രം പുറത്തുവിട്ട് ബി.സി.സി.ഐ. ഒന്നാം ടെസ്റ്റിനായി ഒരുക്കിയ പിച്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

നിറയെ പുല്ലുവളര്‍ന്ന പിച്ചും മൈതാനവും ഏതെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് ആരാധകര്‍ പറയുന്നു. മത്സരത്തിനു മുമ്പ് പിച്ചിലെ പുല്ല് നീക്കംചെയ്തില്ലെങ്കില്‍ ഇവിടെ പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നേ പാടുപെടും.

പിച്ചിലെ പുല്ലിന്റെ ആധിക്യത്തിനൊപ്പം സദാസമയം വീശിയടിക്കുന്ന കാറ്റിന്റെ സഹായവും കൂടിയാകുമ്പോള്‍ പന്ത് നല്ല രീതിയില്‍ തന്നെ സ്വിങ് ചെയ്യാനാണ് സാധ്യത. ട്രെന്‍ഡ് ബോള്‍ട്ടിന്റെ മടങ്ങിവരവും കൂടിയകുമ്പോള്‍ ഈ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിറയ്ക്കുമെന്നാണ് ഭൂരിഭാഗം ആരാധകരും പ്രതികരിച്ചിരിക്കുന്നത്. 

ടോസ് നേടുന്ന ടീം ഇവിടെ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. നേരത്തെ ന്യൂസീലന്‍ഡ് പര്യടനത്തിലെ ട്വന്റി 20 പരമ്പര തൂത്തുവാരിയ ഇന്ത്യയെ പിന്നാലെ നടന്ന ഏകദിന പരമ്പര തൂത്തുവാരി കിവീസ് ഞെട്ടിച്ചിരുന്നു. ടെസ്റ്റില്‍ ഈ ക്ഷീണം മാറ്റാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

ടെസ്റ്റില്‍ സമീപകാലത്തെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

Content Highlights: big task for batsmen First look at Wellington pitch