ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ദ്ധരുടെ സംഘം ക്ലീന്‍ ചീറ്റ് നല്‍കിയതിന് പിന്നാലെ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. ഭുവനേശ്വറിന്റെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി കണ്ടെത്താന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ദ്ധര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് വീണ്ടും ഇന്ത്യന്‍ താരം പരിക്കിന്റെ പിടിയിലമര്‍ന്നതെന്നും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. ഇതിന് പിന്നാലെ പരിശോധനകള്‍ക്കായി ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും രംഗത്തുവന്നു. ഇരുവരും പരിക്ക് മാറി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

പരിക്കില്‍ നിന്ന് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ബി.സി.സി.ഐയുടെ കരാറിലുള്ള താരങ്ങള്‍ ബെംഗളൂരുവില്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തണമെന്നാണ് ചട്ടം. എന്നാല്‍ ബെംഗളൂരുവിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് രണ്ടു താരങ്ങളും ടീം മാനേജ്‌മെന്റിനെ അറിയിച്ചു. 

ഐ.പി.എല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ട്രെയിനറായ രജനീകാന്ത് ശിവാഗ്നത്തിന്റെ കീഴിലാണ് ബുംറയും പാണ്ഡ്യയും ഇപ്പോള്‍ പരിശീലിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ട്രെയിനറാകാന്‍ അപേക്ഷ നല്‍കി തഴയപ്പെട്ട വ്യക്തിയാണ് രജനീകാന്ത്. 

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റിനിടെ പരിക്കേറ്റ ഭുവനേശ്വര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് 100 ശതമാനം ഫിറ്റ്‌നസോടെയാണ് പുറത്തുവന്നത്. എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കിടയില്‍ വീണ്ടും പരിക്കിന്റെ പിടിയിലാണ്. മുംബൈയില്‍ നടന്ന ട്വന്റി-20യ്ക്ക് ശേഷം അരക്കെട്ടില്‍ വേദനയുണ്ടെന്ന് ഇന്ത്യന്‍ താരം ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. വിദഗ്ദ്ധ പരിശോധയില്‍ പരിക്കുണ്ടെന്നും കണ്ടെത്തി. 

ഇതോടെ ദേശീയ ക്രിക്കറ്റ് അക്കാദമിക്കെതിരേ വിമര്‍ശനമുയരുകയായിരുന്നു. മൂന്നു മാസത്തോളം ക്രിക്കറ്റ് അക്കാദമിയില്‍ ഉണ്ടായിട്ടും ഭുവനേശ്വറിന്റെ പരിക്ക് പൂര്‍ണമായി കണ്ടെത്താന്‍ അക്കാദമിയിലെ പരിശീലകര്‍ക്ക് കഴിഞ്ഞില്ല. ഇത് ആദ്യമായല്ല ഇത്തരമൊരു പ്രശ്‌നം നേരിടുന്നത്. നേരത്തെ വൃദ്ധിമാന്‍ സാഹയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചിരുന്നു. 

Content Highlights: Bhuvneshwar Kumar injury Bumrah and Hardik Pandya had refused to go to NCA