ന്യൂഡല്‍ഹി:  ഇംഗ്ലണ്ട് പര്യടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഇന്ത്യ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ബൗളിങ് നിര മികച്ചതാണ്. ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും അടങ്ങുന്ന പേസ് ബൗളിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഏറെ പ്രതീക്ഷയുണ്ട്. അതേസമയം ഭുവനേശ്വര്‍ കുമാറിന് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാത്തതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.

ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ഭുവനേശ്വറും നിരാശയിലാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഭുവനേശ്വര്‍ ഇനി താത്പര്യപ്പെടുന്നില്ലെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭുവി ഇപ്പോള്‍ ശ്രമിക്കുന്നത്. ട്വന്റി-20 ടീമില്‍ ഇടം നേടാനുള്ള പരിശ്രമത്തിലാണ് താരം. 10 ഓവറിന് വേണ്ടി ദാഹിക്കുന്ന ഭുവനേശ്വറിനെ സെലക്ടര്‍മാര്‍ കാണാതെ വിട്ടു. ഇതോടെ ടെസ്റ്റിനോടുള്ള താത്പര്യം ഭുവനേശ്വറിന് നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭുവനേശ്വറിനെ ഉള്‍പ്പെടുത്താത്തത് ടീം ഇന്ത്യയുടെ നഷ്ടമാണ്. ഏതെങ്കിലും ബൗളര്‍ ഇംഗ്ലണ്ടിലെ പിച്ചില്‍ കളിക്കണമെങ്കില്‍ അതു ഭുവനേശ്വര്‍ ആയിരിക്കണമായിരുന്നു. 2014-ലാണ് താരം ആദ്യമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്ന് അഞ്ച് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തി. ലോര്‍ഡസില്‍ ആറു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. മൂന്നു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 247 റണ്‍സും അടിച്ചെടുത്തു. പിന്നീട് 2018-ലെ പര്യടനം പരിക്കുമൂലം നഷ്ടമായി. അതിനുശേഷം ഭുവനേശ്വര്‍ ടെസ്റ്റ് കളിച്ചിട്ടില്ല. 

Content Highlights: Bhuvneshwar Kumar doesnt want to play test cricket anymore