മുംബൈ:  സ്ലെഡ്ജിങ്ങിന് പലരും തെറ്റായ അര്‍ത്ഥമാണ് നല്‍കാറുള്ളതെന്നും യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും പ്രവര്‍ത്തിയിലൂടെ ബാറ്റ്‌സ്മാന്റെ ശ്രദ്ധ തിരിക്കുന്നതാണ് സ്ലെഡ്ജിങ്ങെന്നും വി.വി.എസ് ലക്ഷ്മണ്‍. സഹീര്‍ ഖാനും ഹര്‍ഭജന്‍ സിങ്ങും ഇതിന്റെ ആശാന്‍മാരാണെന്നും ലക്ഷ്മണ്‍ പറയുന്നു. തന്റെ ആത്മകഥയായ 281 ആന്റ് ബിയോണ്ടിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍. 

'സ്ലെഡ്ജിങ് എന്നാല്‍ ഒരാളെ അവഹേളിക്കുകയെന്നോ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് അധിക്ഷേപിക്കുകയെന്നോ അല്ല. ബാറ്റ്‌സ്മാന്റെയോ ബൗളറുടേയോ ശ്രദ്ധ തിരിക്കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 'നിങ്ങളിക്കിപ്പോള്‍ നന്നായി കളിക്കാനാകുന്നില്ല, നിങ്ങളുടെ വിക്കറ്റ് എന്റേതായിക്കഴിഞ്ഞു' എന്നൊക്ക പറയുന്ന രീതിയില്‍ അത്ര ലളിതമാണ് അത്. ബാറ്റ്‌സ്മാന്റെ മനസ്സില്‍ സംശയത്തിന്റെ  വിത്തുപാകലാണ് അത്' ലക്ഷ്മണ്‍ പറയുന്നു. 

ഒരു ക്രിക്കറ്റ് താരത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അക്രമണോത്സുകതയ്ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി. 2008-ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഒരു പരമ്പരയാണ് ഇതിന് ഉദാഹരണമായി ലക്ഷ്മണ്‍ പറയുന്നത്. സഹീര്‍ ഖാനും മാത്യു ഹെയ്ഡനും തമ്മിലുള്ള സംഭാഷണവും അതുപോലെ റിക്കി പോണ്ടിങ്ങും ഹര്‍ഭജന്‍ സിങ്ങും തമ്മിലുള്ള സംസാരവും വളരെ രസകരമായിരുന്നെന്ന് ലക്ഷ്മണ്‍ ഓര്‍ത്തെടുക്കുന്നു. പരസ്പരം വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുമെങ്കിലും ഇവരുടെ സംഭാഷണങ്ങളൊന്നും അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും വ്യക്തിപരമായുള്ള അധിക്ഷേപത്തിലേക്ക് എത്തിയിട്ടില്ലെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നു. 

Content Highlights: Best sledgers I’ve come across are Zaheer Khan and Harbhajan Singh reveals VVS Laxman