ബെംഗളൂരു: ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി മഴ. ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ണമായും മഴ സ്വന്തമാക്കി. വരും ദിനങ്ങളിലും മഴ വില്ലനാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാത്രി പെയ്ത മഴ മൂലം രാവിലെ നിശ്ചിത സമയത്ത് കളി തുടങ്ങാനായിരുന്നില്ല. ഉച്ചയ്ക്ക് പിച്ച് പരിശോധിച്ച മാച്ച് റഫറി ജെഫ് ക്രോ രണ്ടാം ദിവസത്തെ കളി ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

Aswin-Kohli

ആദ്യ ദിനം ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് പുറത്താക്കിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 എന്ന നിലയിലാണ് ഇപ്പോള്‍. രണ്ടാം ദിനം ലീഡ് സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് മഴ തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് ഒപ്പമെത്താന്‍ പത്ത് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് ഇനി 134 റണ്‍സ് കൂടിമതി.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ തകരുകയായിരുന്നു. നൂറാം ടെസ്റ്റിനിറങ്ങിയ ഡിവില്ലിയേഴ്‌സിന് (85) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 50 റണ്‍സും രവിചന്ദ്രന്‍ അശ്വിന്‍ 70 റണ്‍സും വഴങ്ങി നാല് വിക്കറ്റ് വീതം വീഴ്ത്തി.

Vijay-Dhawan

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യക്ക് മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടാനായി. സൂക്ഷ്മതയോടെ കളിച്ച മുരളി വിജയ് 73 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 28 റണ്‍സെടുത്തപ്പോള്‍ കൂടുതല്‍ ആക്രമണോത്സുകത കാഴ്ചവെച്ച ശിഖര്‍ ധവാന്‍ 62 പന്തില്‍ 45 റണ്‍സെടുത്തു. ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിങ്‌സ്.