കൊല്‍ക്കത്ത: പേസര്‍ അശോക് ദിന്‍ഡയ്‌ക്കെതിരേ അച്ചടക്ക നടപടിയുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. ബൗളിങ് കോച്ച് രണദേബ് ബോസിനെ അപമാനിച്ച താരത്തെ ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.

ചൊവ്വാഴ്ച നടന്ന പരിശീലന സെഷനു ശേഷമാണ് ദിന്‍ഡ, കോച്ചിനെ അപമാനിച്ചത്. ഡ്രസ്സിങ് റൂമില്‍ ബംഗാള്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനുമായി രണ്‍ദേബ് ബോസ് സംസാരിച്ചുനില്‍ക്കുന്നതിനിടെയായിരുന്നു സംഭവം. വിഷയത്തില്‍ ഇടപെട്ട ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ കോച്ചിനോട് മാപ്പുപറയാന്‍ ആവശ്യപ്പെട്ടെങ്കിലും ദിന്‍ഡ തയ്യാറായില്ല. ഇതിനെതുടര്‍ന്നാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്.

ദിന്‍ഡയെ പോലെ ഒരു മുതിര്‍ന്ന താരത്തില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബംഗാള്‍ ടീം ഹെഡ് കോച്ച് അരുണ്‍ ലാല്‍ പറഞ്ഞു.

നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ദിന്‍ഡ രഞ്ജി ട്രോഫി പരിശീലന ക്യാമ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ദിന്‍ഡയും ബോസും തമ്മില്‍ നേരത്തെ തന്നെ അസ്വാരസ്യത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Bengal Axe Ashok Dinda for abusing bowling coach Ranadeb Bose