മെല്‍ബണ്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി ജോ റൂട്ടിന് പകരം ബെന്‍ സ്റ്റോക്‌സിനെ നിയമിക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് പോണ്ടിങ് ഇക്കാര്യം അറിയിച്ചത്. 

' ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി റൂട്ടിന് തിളങ്ങാനാകുന്നില്ല. ബെന്‍ സ്‌റ്റോക്‌സിനെ നായകനാക്കണമെന്നാണ് എന്റെ അഭിപ്രായം. സ്റ്റോക്‌സിന് ടീമിനെ നന്നായി നയിക്കാനാകും. തോല്‍ക്കുമെന്നുറപ്പിച്ച മത്സരങ്ങളില്‍പ്പോലും ടീമിനെ വിജയത്തിലേക്ക് നയിച്ച താരമാണ് സ്‌റ്റോക്‌സ്. അദ്ദേഹത്തിന്റെ കൈയ്യില്‍ ഇംഗ്ലണ്ട് ടീം ഭദ്രമായിരിക്കും'- പോണ്ടിങ് പറഞ്ഞു.

നായകനെന്ന നിലയില്‍ റൂട്ടിന്റെ പ്രകടനം സമീപകാലത്ത് മോശമാണ്. നായകന്‍ എന്ന ലേബലില്‍ റൂട്ടിന് ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡില്ല. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളിലും ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിജയത്തിലെത്തിക്കാന്‍ റൂട്ടിന് സാധിച്ചില്ല. ഈ ഒന്‍പത് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. 

ഇപ്പോള്‍ നടക്കുന്ന ആഷസിലും സ്ഥിതി മറിച്ചല്ല. ആദ്യ മൂന്ന് ടെസ്റ്റുകളിലും തോറ്റ് ഇംഗ്ലണ്ട് പരമ്പര കൈവിട്ടു. നാലാം ടെസ്റ്റിലും തോല്‍വിയുടെ വക്കിലാണ് റൂട്ടും സംഘവും. 

Content Highlights: Ben Stokes should replace Joe Root as England Test skipper, says Ponting