മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്ക്സിന്റെ ഓൾറൗണ്ട് പ്രകടനമാണ്. മൂന്നാം ദിനം മഴമൂലം ഒരൊറ്റ പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചിട്ടും ഇംഗ്ലണ്ടിന് വിജയമൊരുക്കിയതിൽ സ്റ്റോക്ക്സിന് കൈയടിക്കാതിരിക്കാനാകില്ല. രണ്ടാം ഇന്നിങ്സിൽ ഏകദിനശൈലിയിൽ ബാറ്റുവീശി സ്റ്റോക്ക്സ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോർ നൽകി. ഇന്നിങ്സ് പെട്ടെന്ന് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് വിൻഡീസിന് കൂറ്റൻ വിജയലക്ഷ്യമൊരുക്കി. ഇതുപോലെ ഫീൽഡിങ്ങിലും താരത്തിന്റെ അർപ്പണമനോഭാവം വെളിവാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

വിൻഡീസിനെതിരേ ബോൾ ചെയ്തശേഷം സ്റ്റോക്ക്സ് തന്നെ ഓടിപ്പോയി ബൗണ്ടറി ലൈനിന് അരികിൽ ഫോർ തടയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റോക്ക്സിന്റെ കളിയോടുള്ള അർപ്പണമനോഭാവവും കായികക്ഷമതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റിൻഡീസിന്റെ രണ്ടാം ഇന്നിങ്സിലെ 43-ാം ഓവറിലാണ് സംഭവം. സ്റ്റോക്ക്സിന്റെ ഒരു പന്ത് ബ്ലാക്ക്വുഡ് മിഡ് ഓഫിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുകയായിരുന്നു. പതുക്കെ ബൗണ്ടറി ലൈനിന് അരികിലേക്ക് നീങ്ങിയ ഈ പന്ത് തടയാൻ ഫീൽഡർമാർ ആരും ഉണ്ടായിരുന്നില്ല. ഇതോടെ ബോൾ ചെയ്തശേഷം ഓടിയെത്തിയ സ്റ്റോക്ക്സ് ബൗണ്ടറി ലൈനിലേക്ക് നിരങ്ങിയെത്തി ലോങ് ഓഫിൽവെച്ച് പന്ത് തടഞ്ഞു. പിന്നീട് ഇതേ ഓവറിൽ സ്റ്റോക്ക്സ് ബ്ലാക്ക്വുഡിനെ പുറത്താക്കി.

ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സ്റ്റോക്ക്സ് രണ്ടാമിന്നിങ്സിൽ അർധ സെഞ്ചുറി കണ്ടെത്തി. ഒപ്പം മൂന്നു വിക്കറ്റുകളും വീഴ്ത്തി. ഇതിന് പിന്നാലെ ഐ.സി.സി ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെ പിന്തള്ളി സ്റ്റോക്ക്സ് ഒന്നാമതുമെത്തി.

 

Content Highlights: Ben Stokes Saves Boundary England vs West Indies Second Test