ലീഡ്സ്: ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം. ഒരു ട്വന്റി 20 മത്സരത്തേക്കാള്‍ ആവേശം നിറഞ്ഞ ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട്. അവരുടെ ലോകകപ്പ് ഹീറോ ബെന്‍ സ്റ്റോക്ക്സ് തന്നെ ഇത്തവണയും താരമായി.
ഓസ്ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. പരമ്പരയില്‍ മൂന്നു ടെസ്റ്റുകള്‍ പിന്നിട്ടപ്പോള്‍ ഓരോ ജയംവീതം നേടി ഇരു ടീമുകളും ഒപ്പമെത്തി (1-1). സ്കോര്‍: ഓസീസ് - 179 & 246, ഇംഗ്ലണ്ട് 67 & 9/362
മുന്‍നിര വിക്കറ്റുകള്‍ വീണശേഷം ഒറ്റയ്ക്ക് പൊരുതിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 286 റണ്‍സിന് ഒമ്പതാം വിക്കറ്റ് വീണശേഷം പതിനൊന്നാമന്‍ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് 76 റണ്‍സാണ് സ്റ്റോക്ക്സ് അടിച്ചെടുത്തത്. ഇതില്‍ ഒരു റണ്‍ മാത്രമാണ് ലീച്ച് എടുത്തത്. 219 പന്തുകള്‍ നേരിട്ട സ്റ്റോക്ക്സ് എട്ടു സിക്സും 11 ബൗണ്ടറികളുമടക്കം 135 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 15 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. റോറി ബേണ്‍സ് (7), ജേസണ്‍ റോയ് (8) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ടും ജോ ഡെന്‍ലിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ കാത്തത്. മൂന്നാം വിക്കറ്റില്‍ റൂട്ട് - ഡെന്‍ലി സഖ്യം 126 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
155 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത ഡെന്‍ലിയെ ജോഷ് ഹേസല്‍വുഡ് പുറത്താക്കുകയായിരുന്നു. നാലാം ദിനം നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ സാധിച്ചതോടെ ഓസീസ് വിജയം മണത്തതാണ്. 205 പന്തുകള്‍ നേരിട്ട് 77 റണ്‍സെടുത്ത റൂട്ടിനെ നേഥന്‍ ലയണിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ സ്ലിപ്പില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ജോസ് ബട്ട്ലര്‍ (1), ക്രിസ് വോക്സ് (1) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പിന്നാലെ ജോഫ്ര ആര്‍ച്ചര്‍ (15), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവരും മടങ്ങിയതോടെ സ്റ്റോക്ക്സ് വെടിക്കെട്ട് ബാറ്റിങ്ങിന്റെ കെട്ടഴിച്ചു.
ഓസീസിനായി ആദ്യ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ് രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തി. നേഥന്‍ ലയണ്‍ രണ്ടു വിക്കറ്റെടുത്തു.
നേരത്തെ 112 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഓസീസ് 246 റണ്‍സിന് പുറത്തായിരുന്നു. 187 പന്തുകള്‍ നേരിട്ട് 80 റണ്‍സെടുത്ത മാര്‍നസ് ലാബുഷെയ്നാണ് ഓസീസ് ഇന്നിങ്സിനെ താങ്ങിനിര്‍ത്തിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ലാബുഷെയ്ന് ഒമ്പതാമനായാണ് പുറത്തായത്. ആദ്യ ഇന്നിങ്സിലും ലാബുഷെയ്ന് അര്‍ധ സെഞ്ചുറി (74) നേടിയിരുന്നു.
മാര്‍ക്കസ് ഹാരിസ് (19), ഡേവിഡ് വാര്‍ണര്‍ (0), ഉസ്മാന് ഖവാജ (23), ട്രാവിസ് ഹെഡ് (25), മാത്യു വെയ്ഡ്(33), ടിം പെയ്ന് (0) എന്നിങ്ങനെയാണ് ഓസീസ് മുന്നേറ്റനിരക്കാരുടെ സ്കോറുകള്‍. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക്സ് മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡും ആര്‍ച്ചറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആര്‍ച്ചറുടെ വേഗത്തിന് ജോഷ് ഹേസല്‍വുഡിന്റെ കൃത്യതകൊണ്ട് ഓസ്ട്രേലിയ മറുപടി പറയുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 67 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട്, ഓസ്ട്രേലിയയ്ക്കെതിരേ 1948-നുശേഷം നേടുന്ന കുറഞ്ഞ സ്കോറും ഹെഡിങ്ലിയില്‍ ടീമിന്റെ കുറഞ്ഞ സ്കോറുമാണിത്.
ഓസ്ട്രേലിയയുടെ ബൗളിങ് തുടങ്ങിയ പാറ്റ് കമ്മിന്‍സ്-ജോഷ് ഹേസല്‍വുഡ് സഖ്യം ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലി മാത്രമാണ് രണ്ടക്കം കടന്നത്. ഹേസല്‍വുഡ് അഞ്ചുവിക്കറ്റും കമ്മിന്‍സ് മൂന്നുവിക്കറ്റും പാറ്റിന്സണ് രണ്ടുവിക്കറ്റുമെടുത്തു.
ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു. 251 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. രണ്ടാം ടെസ്റ്റ് സമനിലയിലായി.
Content Highlights: Ben Stokes produces one of the great Test innings England WON