ലണ്ടന്‍: വെസ്റ്റിന്‍ഡീസിനെതിരേ അടുത്തയാഴ്ച ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് നയിച്ചേക്കും. ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ജോ റൂട്ട് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് മാറിനില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സ്റ്റോക്ക്‌സിന് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വഴിതെളിഞ്ഞത്.

തന്റെ സൗകര്യമനുസരിച്ച് പിന്നീട് റൂട്ട് ടീമിനൊപ്പം ചേരും. എന്നാല്‍ ഇതിനു മുമ്പ് അദ്ദേഹം ഒരാഴ്ച ഐസൊലേഷനില്‍ കഴിയേണ്ടതായി വരും. 

ജൂലായ് എട്ടിന് സതാംടണിലാണ് ഇംഗ്ലണ്ട്-വിന്‍ഡീസ് ഒന്നാം ടെസ്റ്റ്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് സ്റ്റോക്ക്‌സ്. പുതിയ ചുമതലയ്ക്കായി കാത്തിരിക്കുകയാണെന്നും എങ്കിലും ക്യാപ്റ്റനാകുക എന്നത് തന്റെ യഥാര്‍ഥ ലക്ഷ്യമായിരുന്നില്ലെന്നും സ്റ്റോക്ക്‌സ് പ്രതികരിച്ചു.

പോയ വര്‍ഷത്തെ മികച്ച പ്രകടനത്തോടെ ഐ.സി.സിയുടെ 2019-ലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാരി സോബേഴ്സ് പുരസ്‌കാരം സ്വന്തമാക്കിയത് ബെന്‍ സ്റ്റോക്ക്സായിരുന്നു. കൈവിട്ടെന്ന് കടുത്ത ഇംഗ്ലീഷ് ആരാധകര്‍ പോലും കരുതിയ രണ്ടു മത്സരങ്ങളാണ് പോയ വര്‍ഷം സ്റ്റോക്ക്സ് തന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ നേടിയെടുത്തത്. ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് ഫൈനലും ആഷസ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റും സ്റ്റോക്ക്സിലെ പോരാളിയെ തുറന്നുകാട്ടിയ മത്സരങ്ങളായിരുന്നു.

ഐ.സി.സിസുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരവും ബെന്‍ സ്റ്റോക്സിനായിരുന്നു.

Content Highlights: Ben Stokes likely to captain England on first test against West Indies