സിഡ്‌നി: ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഇന്നൊരു ലോട്ടറിയെടുത്താല്‍ ബംപര്‍ സമ്മാനം കിട്ടുമെന്നുറപ്പാണ്. ഭാഗ്യദേവത സ്‌റ്റോക്‌സിനെ നന്നായി അനുഗ്രഹിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ആഷസ് ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഭാഗ്യം സ്‌റ്റോക്‌സിനെ തേടിവന്നത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിന്റെ 31-ാം ഓവറിലാണ് സംഭവം അരങ്ങേറിയത്. യുവതാരം കാമറൂണ്‍ ഗ്രീനിന്റെ പന്ത് നേരിടുകയായിരുന്നു സ്‌റ്റോക്‌സ്. ഗ്രീനിന്റെ പന്ത് സ്റ്റോക്‌സ് ലീവ് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും താരത്തിന്റെ ശ്രമം പരാജയപ്പെട്ടു. പിച്ചില്‍ കുത്തി ഗതിമാറി വിക്കറ്റിലേക്ക് വന്ന പന്ത് ഓഫ് സ്റ്റംപില്‍ തൊട്ടുരുമ്മി കടന്നുപോയി. പന്ത് വിക്കറ്റ് കീപ്പര്‍ കൈയ്യിലൊതുക്കുകയും ചെയ്തു. 

ഇത് കണ്ട ഓസീസ് ഫീല്‍ഡര്‍മാര്‍ ഒന്നടങ്കം എല്‍.ബി.ഡബ്ല്യുവിന് അപ്പീല്‍ ചെയ്തു. അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. വിക്കറ്റില്‍ പന്ത് തട്ടിയ കാര്യം അതുവരെ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ പാഡില്‍ പന്ത് തട്ടിയില്ലെന്ന സ്റ്റോക്‌സിന്റെ ഉറപ്പിന്‍മേല്‍ ഇംഗ്ലണ്ട് തീരുമാനം റിവ്യു ചെയ്തു. റീപ്ലേയില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. 

ഗ്രീനിന്റെ പന്ത് സ്റ്റോക്‌സിന്റെ പാഡില്‍ തട്ടാതെ വിക്കറ്റ് തട്ടി ദിശമാറി വിക്കറ്റ് കീപ്പറുടെ കൈയ്യിലെത്തുകയായിരുന്നു. ഓഫ് സ്റ്റംപില്‍ ശക്തമായി ഇടിച്ചെങ്കിലും ബെയ്ല്‍സ് അനങ്ങിയില്ല. ഇത് കണ്ട് ഓസീസ് താരങ്ങള്‍ തലയ്ക്ക് കൈവെച്ചപ്പോള്‍ സ്‌റ്റോക്‌സ് അത്ഭുതത്തോടെ പൊട്ടിച്ചിരിച്ചു. 

ക്രിക്കറ്റില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഈ രംഗം ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. പന്ത് ശക്തിയായി തട്ടിയിട്ടും എന്തുകൊണ്ട് ബെയ്ല്‍സ് അനങ്ങിയില്ല എന്ന ചോദ്യം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുകയാണ്. ബെയ്ല്‍സ് വീണാല്‍ മാത്രം വിക്കറ്റ് നല്‍കുകയെന്ന തീരുമാനം ഐ.സി.സി മാറ്റണമെന്ന് പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള പലരും രംഗത്തെത്തി. 

ബെയ്ല്‍സ് വീണിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ വിധി മറ്റൊന്നാകുമായിരുന്നു. സ്റ്റോക്‌സിന്റെയും ജോണി ബെയര്‍സ്‌റ്റോയുടെയും ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. 36 ന് നാല് എന്ന നിലയില്‍ നിന്ന് സ്‌റ്റോക്‌സും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ടീം സ്‌കോര്‍ 164-ല്‍ എത്തിച്ചു. 66 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ ഒടുവില്‍ നഥാന്‍ ലിയോണ്‍ പുറത്താക്കി. സെഞ്ചുറിയുമായി ബെയര്‍‌സ്റ്റോ പുറത്താവാതെ നില്‍ക്കുന്നുണ്ട്.  

Content Highlights:  Ben Stokes Has A Laugh, Australian Players In Disbelief As Bails Don't Dislodge Despite Ball Hitting Off-Stump