ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ ഓവര്‍ ത്രോ സംബന്ധിച്ചും ജേതാക്കളെ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുമുള്ള വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല.

നിശ്ചിത ഓവറില്‍ ടൈയില്‍ കലാശിച്ച മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോഴും ടൈ തന്നെയായിരുന്നു ഫലം. അതോടെ മത്സരത്തിലാകെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സന്‍. ആ ഓവര്‍ ത്രോയില്‍ ബാറ്റില്‍ തട്ടി ലഭിച്ച ആ ബൗണ്ടറി പിന്‍വലിക്കണമെന്ന് ബെന്‍ സ്റ്റോക്ക്‌സ് അമ്പയറോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആന്‍ഡേഴ്‌സന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരശേഷം ബെന്‍ സ്റ്റോക്ക്‌സ് ഇക്കാര്യം മൈക്കല്‍ വോണിനോട് പറഞ്ഞിരുന്നുവെന്ന് ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

''മത്സരത്തിനിടെ സ്റ്റമ്പിലേക്ക് വരുന്ന ത്രോ നമ്മുടെ ദേഹത്തോ മറ്റോ തട്ടി ഫീല്‍ഡറില്ലാത്ത ഇടത്തേക്കു പോയാല്‍ സാധാരണ ഞങ്ങള്‍ റണ്‍സെടുക്കാന്‍ ശ്രമിക്കില്ല. അത് ക്രിക്കറ്റിലെ മാന്യതയുടെ ഭാഗമാണ്. എന്നാല്‍ ഇത്തരത്തില്‍ ദേഹത്തോ മറ്റോ തട്ടി പന്ത് ബൗണ്ടറിയിലെത്തിയാല്‍ അവിടെ കളിക്കാര്‍ക്ക് ഒന്നുംചെയ്യാന്‍ സാധിക്കില്ല. അവിടെ ബൗണ്ടറി അനുവദിക്കും'' - ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി.

ഫൈനലിനിടെ ഈ സംഭവത്തിനു ശേഷം സ്റ്റോക്ക്‌സ് അമ്പയറുടെ അടുത്തെത്തി ആ റണ്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ആ റണ്‍സ് വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു. ഇത് അദ്ദേഹം മൈക്കല്‍ വോണിനെ അറിയിച്ചിരുന്നുവെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

അതേസമയം ആ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിച്ചത് നിയമവിരുദ്ധമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇതിലെ നിയമവശം ചൂണ്ടിക്കാട്ടി മുന്‍ അമ്പയര്‍ സൈമണ്‍ ടോഫല്‍ തന്നെ രംഗത്തെത്തിയിരുന്നു.

Content Highlights: Ben Stokes Asked Umpires to Overturn Overthrow Runs