ടെസ്റ്റ് ക്രിക്കറ്റിലെ ക്ലാസിക് ഫിനിഷ്. ആഷസിലെ മൂന്നാം ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സ് എന്ന താരത്തിന്റെ ഇന്നിങ്‌സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകകപ്പ് ഫൈനലില്‍ കണ്ട ബെന്‍ സ്റ്റോക്ക്‌സിനെ കാണികള്‍ ഒരിക്കല്‍ കൂടി കണ്ടു. സ്റ്റോക്ക്‌സിന്റെ ചുമലിലേറി തോല്‍വിത്തുമ്പില്‍ നിന്ന് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ അതിര്‍ത്തി കടത്തി സ്‌റ്റോക്ക്‌സും ഇംഗ്ലണ്ടും വാനിലേക്കുയര്‍ന്നു.  

ആദ്യ ഇന്നിങ്‌സില്‍ വെറും 67 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടില്‍ നിന്ന് കാണികള്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ 200 റണ്‍സ് പോലും ഇംഗ്ലണ്ട് അതിജീവിക്കില്ല എന്നുറപ്പിച്ചായിരുന്നു ആരാധകര്‍ കളി കാണാനിരുന്നത്.  350ന് മുകളിലുള്ള വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം എന്നറിയുന്ന ആരാധകര്‍ പലരും ടിവിക്ക് മുന്നില്‍ നിന്ന് എഴുന്നേറ്റുപോയി. ഇതുവരെ ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് 350 റണ്‍സിന് മുകളില്‍ പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ലെന്നു കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. ജയിക്കാന്‍ 73 റണ്‍സ് വേണ്ടിടത്ത് ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റും വീണതോടെ ഓസ്‌ട്രേലിയയുടെ വിജയത്തിനുള്ള ചടങ്ങ് മാത്രമാണ് ഇനി കളി എന്നു എല്ലാവരും കരുതി. 

എന്നാല്‍ അവിടെ സ്‌റ്റോക്ക്‌സ് അവതരിച്ചു. 219 പന്തില്‍ നിന്ന് 135 റണ്‍സുമായി. ക്രിക്കറ്റ് ചരിത്രത്തില്‍ ഈ ഇന്നിങ്‌സിന് സമാനതകളുണ്ടോ എന്ന് സംശയമാണ്. അത്രയും ത്രസിപ്പിച്ച ഒറ്റയാള്‍ പോരാട്ടം. മനോധൈര്യവും ക്ലാസും ഒരുമിച്ചു ചേര്‍ന്ന ഇന്നിങ്‌സ്. സ്റ്റോക്ക്‌സ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ് എന്നുവരെ ചോദിച്ചുപോകുന്നതായിരുന്നു ആ പ്രകടനം. 

ഹൃദയമിടിപ്പോടെയാണ് അവസാന വിക്കറ്റ് കൂട്ടുകെട്ട് എല്ലാവരും കണ്ടത്. അത്യന്തം നാടകീയത നിറഞ്ഞുനിന്നു. ഒമ്പതാമനായി സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 73 റണ്‍സ്. എന്നാല്‍ സ്‌റ്റോക്ക്‌സ് എന്ന പോരാളി തളര്‍ന്നില്ല. പതിനൊന്നാമനായ ജാക് ലീച്ചിനെ (1) കൂട്ടുപിടിച്ച് അവസാന വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനെ വിജയമുറപ്പിച്ചു. ഈ 76 റണ്‍സില്‍ 74ഉം പിറന്നത് സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ നിന്നായിരുന്നു. ലീച്ച് നേടിയത് ഒരൊറ്റ റണ്‍. ശേഷിക്കുന്ന ഒരു റണ്‍ എക്‌സ്ട്രയും.

ഇതിനിടെ പല സംഭവങ്ങളും അരങ്ങേറി. സ്റ്റോക്സ് ഏഴ് സിക്‌സും നാല് ബൗണ്ടറിയുമടിച്ചു. ലീച്ചിനെ റണ്ണൗട്ടാക്കാനുള്ള അവസരം നഥാന്‍ ലിയോണ്‍ നഷ്ടമാക്കി. സ്റ്റോക്‌സിന്റെ ഒരു ക്യാച്ചും ഓസീസ് കൈവിട്ടു. സ്റ്റോക്‌സിനെതിരേ അവസാനം ശക്തമായ എല്‍.ബി. അപ്പീല്‍ നിരസിക്കപ്പെട്ടു. പുറത്താകാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും ഓസ്ട്രേലിയക്ക് റിവ്യൂ ശേഷിച്ചിരുന്നില്ല. ഒടുവില്‍ പാറ്റ് കമ്മിന്‍സിനെ അതിര്‍ത്തി കടത്തി സ്റ്റോക്ക്‌സിന്റെ വിജയാഘോഷം.

 

Content Highlights: Ben Stokes Ashes Test England vs Australia