അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ മുഹമ്മദ് സിറാജും ബെന്‍ സ്റ്റോക്‌സും കൊമ്പുകോര്‍ത്തു. സ്‌റ്റോക്‌സ് ഇന്ത്യന്‍ പേസറോട് മോശമായി സംസാരിച്ചു എന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഇതുമായി ബന്ധപ്പെട്ട് ഒടുവില്‍ സിറാജ് തന്നെ രംഗത്തെത്തി.

'മത്സരത്തിനിടെ ഞാന്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് എന്നോട് വളരെ മോശപ്പെട്ട ഭാഷയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. ഇക്കാര്യം ഞാന്‍ വിരാട് ഭായിയോട് സംസാരിച്ചു. അദ്ദേഹമാണ് എനിക്കുവേണ്ടി സംസാരിച്ചത്'-സിറാജ് പറഞ്ഞു.

സിറാജിനെതിരേ മോശമായ വാക്കുകള്‍ ഉപയോഗിച്ച സ്‌റ്റോകിനോട് നായകന്‍ വിരാട് കോലി ക്ഷുപിതനായി സംസാരിച്ചിരുന്നു. ഈ വീഡിയോ ദൃശ്യം ചുരുങ്ങിയ നേരം കൊണ്ടുതന്നെ വൈറലാകുകയും ചെയ്തു. അവസാനം അമ്പയര്‍മാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. 

നാലാം ടെസ്റ്റില്‍ വിശ്രമമനുവദിച്ച ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് മുഹമ്മദ് സിറാജ് ടീമിലിടം നേടിയത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കാനും താരത്തിന് സാധിച്ചു. 

Content Highlights: Ben Stokes abused me after I bowled a bouncer and I asked Virat bhai to look into it says Mohammed Siraj