കെംസ്‌ഫോഡ്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ട് വനിതകള്‍ക്ക് തകര്‍പ്പന്‍ വിജയം. 97 റണ്‍സെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍ റ്റാംസിന്‍ ബ്യൂമോണ്ടിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടന മികവിലാണ് ഇംഗ്ലണ്ട് മികച്ച വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ നാലിന് 184. ന്യൂസീലന്‍ഡ് 18.5 ഓവറില്‍ 138 ന് പുറത്ത്.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ബ്യൂമോണ്ട് നല്‍കിയത്. 65 പന്തുകളില്‍ നിന്നും 13 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് താരം 97 റണ്‍സെടുത്തത്. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് താരം പുറത്തായത്. മൂന്ന് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ കരിയറിലെ രണ്ടാം ട്വന്റി 20 സെഞ്ചുറി നേടാന്‍ താരത്തിന് കഴിയുമായിരുന്നു. ബ്യൂമോണ്ടിന് പുറമേ 31 റണ്‍സെടുത്ത എമി ജോണ്‍സും മികച്ച പ്രകടനം പുറത്തെടുത്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് വനിതകള്‍ 18.5 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. 43 റണ്‍സെടുത്ത എമി സാറ്റെര്‍ത്ത്‌വൈറ്റ് മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനായി സാറ ഗ്ലെന്നും സോഫി എക്‌സല്‍സ്റ്റോണും കാതറിന്‍ ബ്രന്റും രണ്ട് വിക്കറ്റ് വീതം നേടി. 

ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് വനിതകള്‍ 1-0 ന് മുന്നിലെത്തി. 

Content Highlights: Beaumont 97 gives England early series lead