ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് വിടവാങ്ങല്‍ മത്സരത്തിന് അവസരമൊരുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒന്നരപ്പതിറ്റാണ്ടുകാലം ഇന്ത്യയ്ക്കുവേണ്ടി കളിച്ച ധോനി ഈയിടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കേണ്ടതുണ്ടെന്ന് ബി.സി.സി.ഐ. ഉന്നതന്‍ പ്രതികരിച്ചു.
എന്നാല്‍, കോവിഡ് ആയതിനാല്‍ ഇന്ത്യയുടെ പല മത്സരങ്ങളും നീട്ടിവെച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങും. അതിനിടെ ധോനിയോട് സംസാരിക്കുമെന്നും അദ്ദേഹത്തിന്റെ സൗകര്യംകൂടി പരിഗണിച്ചാകും വിടവാങ്ങല്‍ മത്സരത്തിന് വേദിയൊരുക്കുകയെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കി.
ഐ.പി.എല്‍ ടൂര്‍ണമെന്റിനിടെ ഇക്കാര്യം ധോനിയുമായി ചര്‍ച്ച ചെയ്യുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാട് അനുസരിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
സ്വാതന്ത്ര്യദിനത്തിലാണ് ധോനിയുടെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം വന്നത്. ഇതിനു പിന്നാലെ അദ്ദേഹത്തിന് ബി.സി.സി.ഐ ജന്മനാനാടായ റാഞ്ചിയില്‍ വിടവാങ്ങല്‍ മത്സരത്തിനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ രംഗത്തെത്തിയിരുന്നു. ധോനിക്ക് ഉചിതമായ യാത്രയയപ്പ് നല്‍കുന്നതിനായി വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ലാലും അഭിപ്രായപ്പെട്ടു.
Content Highlights: BCCI willing to host a farewell match for MS Dhoni report