
-
മുംബൈ: ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ കളിക്കാൻ വരുന്നതിന് സുരക്ഷ, വിസ എന്നീ കാര്യങ്ങളിൽ ബി.സി.സി.ഐ ഉറപ്പ് നൽകണമെന്ന ആവശ്യപ്പെട്ട പാക് ക്രിക്കറ്റ് ബോർഡിന് മറുപടിയുമായി ബി.സി.സി.ഐ. പാകിസ്താനിൽ നിന്ന് ഇനി ഭീകരാക്രമണം ഉണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഉറപ്പുനൽകണമെന്നായിരുന്നു ബി.സി.സി.ഐയുടെ മറുപടി.
'മത്സരങ്ങളുടെ നടത്തിപ്പിൽ സർക്കാർ ഇടപെടരുതെന്നാണ് ഐ.സി.സിയുടെ ചട്ടം. ക്രിക്കറ്റ് ബോർഡുകൾക്കും ഇതു ബാധകമാണ്. സർക്കാരിന്റെ നടത്തിപ്പിൽ ക്രിക്കറ്റ് ബോർഡിനും ഇടപെടാൻ പറ്റില്ല.' ബി.സി.സി.ഐയുടെ പ്രതിനിധി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോട് പ്രതികരിച്ചു.
'വിസ വിഷയത്തിൽ ഉറപ്പു ചോദിക്കുന്നതിന് മുമ്പ് അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് എഴുതി ഉറപ്പ് നൽകണം. പാകിസ്താനിൽ നിന്ന് വെടിനിർത്തൽ ലംഘനമില്ല, ഇന്ത്യയിലേക്ക് കടന്നാക്രമണമില്ല, പുൽവാമയിലേതുപോലുള്ള ആക്രമണങ്ങൾ ഇനിയുണ്ടാകില്ല തുടങ്ങിയ കാര്യങ്ങൾ പാക് സർക്കാർ ഉറപ്പാക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് എഴുതി നൽകാനാകുമോ?' -ബി.സി.സി.ഐ പ്രതിനിധി ചോദിക്കുന്നു.
ഇന്ത്യയുടെ താത്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഏജന്റിനെപ്പോലെ പാക് ക്രിക്കറ്റ് ബോർഡ് മാറരുതെന്നും ക്രിക്കറ്റ് ബോർഡുകളുടെ പ്രവർത്തന കാര്യത്തിൽ ഐ.സി.സിയുടെ നിയമം പാക് ക്രിക്കറ്റ് ബോർഡ് മനസ്സിലാക്കണമെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.
നേരത്തെ ഇന്ത്യയിൽ 2021-ൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലും 2023-ൽ നടക്കുന്ന ഏകദിന ലോകപ്പിലും പങ്കെടുക്കുന്നതിലുള്ള ആശങ്ക പാക് ക്രിക്കറ്റ് ബോർഡ് പങ്കുവെച്ചിരുന്നു. ഈ രണ്ട് ടൂർണമെന്റുകളിലും പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരുന്നതിന് വിസ, സുരക്ഷാ കാര്യങ്ങളിൽ ബി.സി.സി.ഐ ഉറപ്പ് എഴുതി നൽകണമെന്ന് പാക് ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ വസീം ഖാൻ ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..