ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ.

നേരത്തെ നിശ്ചയിച്ചതനുസരിച്ച് ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 

24 അംഗ ടീമിനെ മേയ് അവസാനത്തോടെ തിരഞ്ഞെടുക്കാനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. ചേതന്‍ ശര്‍മ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയോട് 24 അംഗ കളിക്കാരുടെ ഒരു പട്ടിക സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ നേരത്തെ നിര്‍ദേശിച്ചിരുന്നു. 35 കളിക്കാരുടെ പട്ടികയാണ് സെലക്ഷന്‍ കമ്മിറ്റി ബി.സി.സി.ഐക്ക് നല്‍കിയിരിക്കുന്നത്. വരും ആഴചകളില്‍ ഇത് 24 അംഗ പട്ടികയാക്കി വെട്ടിക്കുറയ്ക്കും. 

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി അയക്കുന്ന സ്‌ക്വാഡ് തന്നെയാകും ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ പ്രതിനിധീകരിക്കുക. 

അതേസമയം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു.കെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാലിത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ബാധിക്കില്ലെന്നാണ് ലഭ്യമായ വിവരം.

Content Highlights: BCCI update on announcing World Test Championship final squad