ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികളുമായുള്ള ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ പുനഃപരിശോധിക്കാനൊരുങ്ങി ബി.സി.സി.ഐ. 

കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതോടെ രാജ്യമാകെ ചൈനീസ് കമ്പനികള്‍ക്കെതിരേ ജനരോഷം ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഐ.പി.എല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ വിവോ അടക്കമുള്ള ചൈനീസ് കമ്പനികളുമായുള്ള കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ പുനഃപരിശോധിക്കാന്‍ ബി.സി.സി.ഐ ഒരുങ്ങുന്നത്.

സ്‌പോണ്‍സര്‍ഷിപ്പ് തുകയായി പ്രതിവര്‍ഷം 440 കോടി രൂപയാണ് വിവോ ബി.സി.സി.ഐയ്ക്ക് നല്‍കിവരുന്നത്. 2018 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് വിവോയുടെ കരാര്‍. ഈ കരാറിന്റെ കാര്യത്തില്‍ അടുത്തയാഴ്ച നടക്കുന്ന ഐ.പി.എല്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമുണ്ടാകും. ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാര്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

BCCI to review IPL sponsorship deals with Chinese firms including Vivo

നേരത്തെ ചൈനീസ് കമ്പനിയില്‍നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന വലിയ തുകയുടെ 42 ശതമാനം കേന്ദ്രസര്‍ക്കാരിന് നികുതിയായി നല്‍കുന്ന കാര്യം ചൂണ്ടിക്കാട്ടി ഈ പ്രതിഷേധങ്ങളെ ബി.സി.സി.ഐ നേരിട്ടിരുന്നു. വലിയ തുകയായതിനാല്‍ അതിന്റെ ഗുണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെയാണെന്നായിരുന്നു ബി.സി.ഐ ട്രഷറര്‍ അരുണ്‍ ധൂമല്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ പ്രതിഷേധം കനത്തതോടെയാണ് ഇപ്പോള്‍ കരാര്‍ പുനഃപരിശോധിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

അതേസമയം പ്രതിഷേധങ്ങള്‍ കാരണം ചൈനീസ് കമ്പനിയായ ലി നിങ്ങുമായുള്ള കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: BCCI to review IPL sponsorship deals with Chinese firms including Vivo