Photo: AFP
മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകപ്പ് ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ബിസിസിഐ. ലോകകപ്പ് ടീമിന്റെ ഭാഗമാകുന്ന 20 അംഗ കളിക്കാരുടെ ഒരു പൂളിനെ ബിസിസിഐ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയിലെ സെവന് സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ബിസിസിഐയുടെ പ്രകടന അവലോകന യോഗത്തിലാണ് തീരുമാനം. കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, എന്‍സിഎ ചെയര്മാന് വിവിഎസ് ലക്ഷ്മണ്, മുന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ എന്നിവര്‍ പങ്കെടുത്തു. ബോര്‍ഡ് പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തിന്റെ ഭാഗമായി.
ഇതോടൊപ്പം പ്രധാന താരങ്ങളോട് വരാനിരിക്കുന്ന ഐപിഎല്‍ ഒഴിവാക്കി ഐസിസി ഇവന്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടേക്കും. താരങ്ങളുടെ പരിക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പതിവില്ലാത്ത നടപടികള്‍ക്കാണ് ബിസിസിഐ ഒരുങ്ങുന്നത്.
ഈ പൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാനും കളിക്കാരുടെ ഫിറ്റ്നസ് ട്രാക്ക് ചെയ്യുന്നതിനു വേണ്ടിയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയെ ചുമലതപ്പെടുത്തിയിട്ടുമുണ്ട്. ഇതിനായി ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് നാഷണല്‍ ക്രിക്കറ്റ് അക്കാദമി പ്രവര്‍ത്തിക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പും വിദേശ പര്യടനങ്ങളും മുന്നില്‍ കണ്ടാണ് ബോര്‍ഡിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സെലക്ഷന് മാനദണ്ഡങ്ങളെ സംബന്ധിച്ചും യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് വിവരം. ഫിറ്റ്നെസ് തെളിയിക്കാനുള്ള യോയോ ടെസ്റ്റും ഡെക്സയും (എല്ലുകളുടെ സ്കാനിങ്) നിര്‍ബന്ധമാക്കും. ഇവയുടെ അടിസ്ഥാനത്തിലാകും ഇനി ടീം തിരഞ്ഞെടുപ്പ്. യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലെത്തണമെങ്കില്‍ ആഭ്യന്തര സീസണില്‍ തുടര്‍ച്ചയായി കളിക്കേണ്ടിവരും.
Content Highlights: BCCI Shortlists 20 For 2023 World Cup report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..