അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആകാശദൃശ്യം പുറത്തുവിട്ട് ബി.സി.സി.ഐ. ചിത്രം പുറത്ത് വിട്ട് വൈകാതെ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

1,10,000-ലേറെ പേര്‍ക്ക് ഒന്നിച്ചിരുന്ന് കളികാണാന്‍ സാധിക്കുന്ന സ്റ്റേഡിയം 700 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. നാല് ഡ്രസ്സിങ് റൂമുകള്‍, ക്ലബ്ബ് ഹൗസ്, സ്വിമ്മിങ് പൂളുകള്‍, 76 കോര്‍പറേറ്റ് ബോക്‌സുകള്‍, 4000 കാറുകള്‍, 10000 ബൈക്കുകള്‍ എന്നിവയ്ക്കുള്ള പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയുണ്ട്.

50000-ല്‍ അധികം പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നവീകരിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയിരിക്കുന്നത്. 63 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് സ്റ്റേഡിയം.

90,000 പേര്‍ക്കിരിക്കാന്‍ സൗകര്യമുള്ള ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയ്ക്ക് പിന്നിലായത്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാകും സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: BCCI Shares Aerial View Of Motera Stadium World's Largest Cricket Facility