മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കോവിഡ് നിയമം ലംഘിച്ച് പുറത്തുപോയി ഭക്ഷണം കഴിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബി.സി.സി.ഐ. അത്തരം വാര്‍ത്തകളെല്ലാം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. 

ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയ താരങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജീവിക്കുന്നതെന്നും മറ്റുവാര്‍ത്തകളെല്ലാം വ്യാജമാണെന്നും ബി.സി.സി.ഐ അറിയിച്ചു. 

രോഹിത് ശര്‍മ, ഋഷഭ് പന്ത്, നവ്ദീപ് സൈനി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഹോട്ടലിലിരുന്ന് ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ ഇവരെ തിരിച്ചറിഞ്ഞ ഒരു ആരാധകന്‍ അതിന്റെ ചിത്രങ്ങളും വീഡിയോകളും ട്വീറ്ററിലൂടെ പങ്കുവെച്ചു. ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും ആരാധകന്‍ പറഞ്ഞിരുന്നു. ഇതാണ് ഏവരെയും തെറ്റിധരിപ്പിച്ചത്. പിന്നീട് ഈ ആരാധകന്‍ തന്നെ പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമാക്കി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. 

താരങ്ങള്‍ക്ക് അനുവദിച്ച ഹോട്ടലില്‍ നിന്നുമാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ ഭക്ഷണം കഴിച്ചത്. ആരാധകന്‍ ട്വീറ്ററില്‍ പങ്കുവെച്ച ഫോട്ടോകള്‍ ഷെയര്‍ ചെയ്തും വാര്‍ത്തകള്‍ മെനഞ്ഞും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഇത് ആഘോഷമാക്കിയിരുന്നു. 

Content Highlights: BCCI says no breach of Covid-19 protocols, rubbishes Australian media reports