സഞ്ജു സാംസണും രോഹിത് ശർമയും | Photo: R. Senthil Kumar, Ravi Choudhary|PTI
ന്യൂഡല്‍ഹി: ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍. നേരത്തെ ഒക്ടോബര്‍ 26-ന് ടീമിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ടീം അംഗങ്ങളുടെ പരിക്ക് സംബന്ധിച്ച ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സെലക്ഷന് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
നേരത്തെ ട്വന്റി 20 ടീമിലേക്ക് മാത്രം പരിഗണിച്ചിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷം നാട്ടിലേക്ക് തിരിക്കും. കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പ്രസവ സമയത്ത് അനുഷ്കയ്ക്ക് പിന്തുണ നല്കാന് വേണ്ടിയാണ് കോലി മാറിനില്‍ക്കുന്നത്.
നേരത്തെ ഒരു ടീമിലേക്കും പരിഗണിക്കാതിരുന്ന രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. രോഹിത്തിന്റെ ഫിറ്റ്നസ് പരിശോധന റിപ്പോര്‍ട്ട് കണക്കിലെടുത്ത് താരത്തിന് ഓസീസിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരകളില്‍ വിശ്രമം അനുവദിക്കാനും സെലക്ഷന് കമ്മിറ്റി തീരുമാനിച്ചു.
പരിക്ക് കാരണം പരിഗണിക്കാതിരുന്ന പേസര്‍ ഇഷാന്ത് ശര്‍മ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്. പരിക്ക് ഭേദമാകുന്ന മുറയ്ക്ക് താരത്തെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്മിറ്റി അറിയിച്ചു.
ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ തോളിനേറ്റ പരിക്ക് കാരണം പരിഗണിച്ചില്ല. ഐ.പി.എല്ലില്‍ ഹൈദരാബാദിനായി തിളങ്ങിയ ടി. നടരാജനാണ് വരുണിന് പകരക്കാരന്.
മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.
ട്വന്റി 20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചാഹര്‍, ടി. നടരാജന്.
ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഷാര്‍ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്.
ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.
Content Highlights: BCCI revises squad for Australia tour Rohit Sharma back for Test series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..