ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന താരങ്ങളായി രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും രവിചന്ദ്ര അശ്വിനും. 2017 ജൂണ്‍ വരെ ബി.സി.സി.ഐ നല്‍കിയ പ്രതിഫലത്തിന്റെ കണക്കാണ് പുറത്തുവിട്ടത്. കരാര്‍ താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം, സംസ്ഥാന, വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് നല്‍കിയ പണം, ഐ.പി.എല്‍ ഫ്രാഞ്ചൈസികളുമായുള്ള ഇടപാട് എന്നിവയുടെയെല്ലാം കണക്കാണ് ബി.സി.സി.ഐ പുറത്തുവിട്ട രേഖയിലുള്ളത്.

2015-16 സീണില്‍ രോഹിത് ശര്‍മ്മക്ക് 1.12 കോടിയും രഹാനെയ്ക്ക് 1.10 കോടിയും അശ്വിന് 1.01 കോടി രൂപയുമാണ് പ്രതിഫലം നല്‍കിയത്.  2017 ഏപ്രിലില്‍ അനില്‍ കുംബ്ലെയ്ക്ക് പ്രതിഫലമായി 48 ലക്ഷം രൂപ നല്‍കി. 

ഐ.പി.എല്‍ പത്താം സീസണിലെ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റായി മുബൈ ഇന്ത്യന്‍സ് 22.86 കോടി രൂപയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 21 കോടി രൂപയും വാങ്ങി. ഈ സീസണില്‍ ചാമ്പ്യന്‍മാരായപ്പോള്‍ മുംബൈയ്ക്ക് ലഭിച്ചത് 34.29 കോടിയാണ്. ഈ സീണില്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ സമ്മാനമായി കൊല്‍ക്കത്തയക്ക് 15.75 കോടി രൂപ ലഭിച്ചു. 

2016ല്‍ ഐ.പി.എല്ലില്‍ കളിക്കാനായി താരങ്ങളെ വിട്ടു തന്ന ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്കും ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനും ബി.സി.സി.ഐ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന് 4.034 കോടിയും ന്യൂസീലന്‍ഡിന് 1.36 കോടി രൂപയുമാണ് ലഭിച്ചത്.