വിരാട് കോലി | Photo: twitter| ICC
മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത് ശര്‍മ എത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ. ഈ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും അങ്ങനെയൊരു കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കി.
'ഇതെല്ലാം അസംബന്ധമാണ്. ക്യാപ്റ്റന്‍ സ്ഥാനം വിഭജിക്കുന്നതിനെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു കാര്യം ബി.സി.സി.ഐയുടെ ആലോചനയില്‍ പോലും വന്നിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും കോലി ക്യാപ്റ്റനായി തുടരും.' ധുമല്‍ വ്യക്തമാക്കി.
യു.എ.ഇയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നത്. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ നീക്കമെന്നും ഇക്കാര്യം കോലി ടീം മാനേജ്മെന്റുമായും രോഹിതുമായും ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എം.എസ്.ധോനി വിരമിച്ച ശേഷം ഇന്ത്യയെ നയിക്കുന്നത് കോലിയാണ്. 2014 മുതല്‍ ടെസ്റ്റ് ടീമിന്റെയും 2017 മുതല്‍ ഏകദിന, ട്വന്റി-20 ടീമിന്റെയും നായകനാണ് കോലി. കോലിയുടെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ടീമിന് വേണ്ടി പ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല.
കോലിയുടെ കീഴില്‍ ഇന്ത്യ 95 ഏകദിനങ്ങളില്‍ കളിച്ചു. 65 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 27 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 45 ട്വന്റി 20 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്. അതില്‍ 27 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 14 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് കോലി. 65 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 38 വിജയങ്ങളാണ് സ്വന്തമാക്കിയത്.
Content Highlights: BCCI Rejects Report of Virat Kohli Losing Limited Overs Captaincy to Rohit Sharma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..