ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി സ്ഥാനത്ത് ജയ് ഷായുടെയും കാലാവധി നീട്ടുന്നതു സംബന്ധിച്ചുള്ള ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതിയുടെ പരിഗണനയില്‍.

ഭാരവാഹികള്‍ ആറുവര്‍ഷ കാലയളവ് കഴിഞ്ഞാല്‍ മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്ന (കൂളിങ് ഓഫ്) വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് ബി.സി.സി.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ചിരുന്ന ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ബി.സി.സി.ഐ ഭാരവാഹികള്‍ ഒരു സംസ്ഥാന അസോസിയേഷനിലോ ബോര്‍ഡിലോ ആറു വര്‍ഷം ഭാരവാഹിയായി സേവനമനുഷ്ഠിച്ചതിന് ശേഷം മൂന്നുവര്‍ഷം നിര്‍ബന്ധമായും മാറിനില്‍ക്കണമെന്ന് വ്യവസ്ഥയുണ്ട്.

ഈ നിര്‍ദേശമനുസരിച്ച് ഗാംഗുലിക്കും ജയ് ഷായ്ക്കും അധിക കാലം ബി.സി.സി.ഐ ഭാരവാഹിത്വത്തില്‍ തുടരാനാകില്ല. 2019 ഒക്ടോബറിലാണ് ഇരുവരും ബി.സി.സി.ഐ ഭാരവാഹിത്വത്തിലേക്ക് എത്തിയത്. പക്ഷേ ഗാംഗുലി നേരത്തെ അഞ്ചു വര്‍ഷത്തിലധികം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും ഭാരവാഹിയായിരുന്നു. ഇതിന്‍പ്രകാരം ജയ് ഷായുടെ കാലാവധി മേയ് ഏഴിന് അവസാനിച്ചിരുന്നു. ഗാംഗുലിയുടേത് ജൂലായ് 27-ന് അവസാനിക്കും.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സംസ്ഥാന അസോസിയേഷനിലോ ബി.സി.സി.ഐ.യിലോ ഭാരവാഹികളായി ആറു വര്‍ഷം (രണ്ട് ടേം) പൂര്‍ത്തിയാക്കിയാല്‍ പിന്നീട് മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്നാണ് ലോധ കമ്മിറ്റി ശുപാര്‍ശപ്രകാരം നടപ്പാക്കിയ വ്യവസ്ഥ.

Content Highlights: bcci petitions seeking end of cooling-off period to be heard in Supreme Court today