ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന ജൂണില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പും പ്രതിസന്ധിയിലാണ്. ഇപ്പോഴിതാ ഏഷ്യാ കപ്പ് നടക്കുകയാണെങ്കില്‍ ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന ടൂര്‍ണമെന്റ് കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്നാണ് 2021-ലേക്ക് മാറ്റിയത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നതോടെ ടൂര്‍ണമെന്റ് വീണ്ടും അനിശ്ചിതത്വത്തിലായി. 

കാരണം ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. അതിന് രണ്ടാഴ്ച മുമ്പെങ്കിലും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തി ക്വാറന്റൈനില്‍ കഴിയണം. 

മാത്രമല്ല അതിനു ശേഷം ഇംഗ്ലണ്ട് പര്യടനവും ട്വന്റി 20 ലോകകപ്പും വരുന്നതിനാല്‍ തിരക്കിട്ട ഷെഡ്യൂളാണ് ഇന്ത്യയുടേത്. ഇതോടെ ഇത്തവണ ഏഷ്യാ കപ്പ് നടക്കുകയാണെങ്കില്‍ രണ്ടാം നിര ടീമിനെ വിടാനല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

ഒരു ഉന്നത ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മേയ് 30-ന് ഐ.പി.എല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വിരാട് കോലിയും സംഘവും ജൂണ്‍ ആദ്യയാഴ്ച തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. അവിടെ 14 ദിവസം ടീമിന് ക്വാറന്റൈനില്‍ കഴിയണം.

Content Highlights: BCCI might send a second-string team to the Asia Cup