മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതോടെ വെസ്റ്റിന്‍ഡീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയുടെ വേദികള്‍ വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐ.

മത്സരം നടക്കേണ്ടുന്ന തിരുവനന്തപുരമടക്കമുള്ള വേദികളുടെ കാര്യത്തില്‍ മാറ്റം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരേ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക. ആറ് വേദികളിലായാണ് മത്സരം. ഫെബ്രുവരി ആറിന് അഹമ്മദാബാദ് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആറ് മത്സരങ്ങള്‍ മൂന്ന് വേദികളിലേക്കാക്കി ചുരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കളിക്കാര്‍ക്ക് കൂടുതല്‍ യാത്രകള്‍ ഒഴിവാക്കാനാണിത്. 

നിലവില്‍ ഈ വിഷയത്തില്‍ തീരുമാനമൊന്നും ഇടുത്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

അഹമ്മദാബാദിനെ കൂടാതെ ജയ്പുര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12), കട്ടക്ക് (ഫെബ്രുവരി 15), വിശാഖപട്ടണം (ഫെബ്രുവരി 18), തിരുവനന്തപുരം (ഫെബ്രുവരി 20) എന്നിവയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന മറ്റ് വേദികള്‍.

Content Highlights: bcci may consider reduce the number of venues for west indies series