ന്യൂഡല്‍ഹി: ഐ.പി.എല്‍ നടത്താന്‍ സാധ്യമായതെല്ലാം ചെയ്യാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ). അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള സാധ്യമായ കാര്യങ്ങളെല്ലാം ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടത്താനായി ചെയ്യാനൊരുക്കമാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷയേകുന്ന വാക്കുകളാണ് ഗാംഗുലിയില്‍ നിന്നുണ്ടായത്. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബി.സി.സി.ഐ പരിശോധിക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് എല്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ബോര്‍ഡ് കത്തയച്ചിട്ടുണ്ട്.

ഈ വര്‍ഷം തന്നെ ഐ.പി.എല്‍ സംഘടിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബോര്‍ഡ്. ഇതിനായുള്ള എല്ലാ സാധ്യതകളും പരിശോധിക്കും. കാണികണില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനും ബി.സി.സി.ഐ ഒരുക്കമാണ്. ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ശുഭപ്രതീക്ഷയിലാണെന്നും ഐ.പി.എല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബോര്‍ഡ് തീരുമാനം കൈക്കൊള്ളുമെന്നും ഗാംഗുലി കത്തില്‍ പറയുന്നു.

മാര്‍ച്ച് 29-നായിരുന്നു ടൂര്‍ണമെന്റിന്റെ 13-ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് അത് ഏപ്രിലിലേക്ക് നീട്ടി. എന്നാല്‍ പിന്നീട് രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റിവെയ്ക്കുകയായിരുന്നു.

Content Highlights: BCCI looking at all possible options to stage IPL this year Sourav Ganguly