ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയില്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം ലഭിച്ചേക്കും. അതിനായി ബി.സി.സി.ഐ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 

മാര്‍ച്ച് 12 ന് അഹമ്മദാബാദിലാണ് ആദ്യ ട്വന്റി 20 മത്സരം നടക്കുക. 50 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങളാണ് ബി.സി.സി.ഐ നടത്തുന്നത്. 

ഇംഗ്ലണ്ടുമായി നാല് ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യ ആദ്യം കളിക്കുക. ഫെബ്രുവരി 5 നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ആദ്യ രണ്ട് ടെസ്റ്റിനും ചിദംബരം സ്റ്റേഡിയമായിരിക്കും വേദിയാകുക. പിന്നീടുള്ള രണ്ട് ടെസ്റ്റുകള്‍ അഹമ്മദാബാദില്‍ വെച്ചുനടക്കും. 

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ചേതന്‍ ശര്‍മ നയിക്കുന്ന സെലക്ടേഴ്‌സ് തെരെഞ്ഞെടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ ടീമിലേക്ക് തിരിച്ചെത്തി. അക്‌സര്‍ പട്ടേലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ടി.നടരാജന്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇടം നേടിയിട്ടില്ല.

Content Highlights: BCCI keen to get fans back to stands for T20Is against England