ന്യൂഡല്‍ഹി: ദേശീയ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുതിയ കായികക്ഷമതാ പരീക്ഷയുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). നിശ്ചിതസമയത്ത് രണ്ടു കിലോമീറ്റര്‍ ഓടണം.

പേസ് ബൗളര്‍മാര്‍ എട്ടുമിനിറ്റ് 15 സെക്കന്‍ഡിലും മറ്റ് ബൗളര്‍മാരും ബാറ്റ്സ്മാന്മാരും വിക്കറ്റ് കീപ്പര്‍മാരും എട്ടുമിനിറ്റ് 30 സെക്കന്‍ഡിലും രണ്ടു കിലോമീറ്റര്‍ പൂര്‍ത്തിയാക്കണം.

ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് സെലക്ഷനിലും ഇത് പ്രധാന മാനദണ്ഡമായിരിക്കുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി. മുന്‍നിര അത്ലറ്റുകള്‍ സാധാരണയായി ആറുമിനിറ്റില്‍ രണ്ടു കിലോമീറ്റര്‍ ഓടിയെത്താറുണ്ട്.

കുറച്ചുവര്‍ഷങ്ങളായി കളിക്കാരുടെ കായികക്ഷമതയ്ക്ക് ക്രിക്കറ്റ് ബോര്‍ഡ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈ രംഗത്ത് ഇന്ത്യ ഏറെ മുന്നേറിയെന്നും വിലയിരുത്തലുണ്ട്. വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരാണ് ഇപ്പോള്‍ ഫിറ്റ്നസില്‍ മുന്നിലുള്ളത്.

Content Highlights: BCCI introduces new mandatory fitness rule for Team India