ന്യൂഡല്‍ഹി: അച്ഛനാകാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് അവധി അനുവദിച്ച് ബി.സി.സി.ഐ.

ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ മത്സരത്തിനു ശേഷം കോലി നാട്ടിലേക്ക് മടങ്ങും. കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പ്രസവ സമയത്ത് അനുഷ്‌കയ്ക്ക് പിന്തുണ നല്‍കാന്‍ വേണ്ടിയാണ് കോലി മാറിനില്‍ക്കുന്നത്. 

ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം നേരത്തെ ഒക്ടോബര്‍ 26-ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കോലി അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച ചീഫ് സെലക്ടര്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി കോലിക്ക് അവധി (Paternity Leave) അനുവദിക്കുകയായിരുന്നു.

ഞായറാഴ്ച പ്രത്യേക യോഗം ചേര്‍ന്ന കമ്മിറ്റി ഓസീസ് പരമ്പരയ്ക്കുള്ള ടീമില്‍ ഏതാനും മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 

ഡിസംബര്‍ 17-നാണ് ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി ഏഴു മുതല്‍ സിഡ്നിയിലും നാലാം ടെസ്റ്റ് ജനുവരി 15 മുതല്‍ ബ്രിസ്ബെയ്നിലുമാണ്.

Content Highlights: BCCI grants Team India captain Virat Kohli  paternity leave