ന്യൂഡല്‍ഹി: അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിസിഷന്‍ റിവ്യൂ സിസ്റ്റം  (ഡി.ആര്‍.എസ്) ഇനി ഐ.പി.എല്ലിലും. ഈ സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ ഡി.ആര്‍.എസ് അവതരിപ്പിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കി. 

ഏറെക്കാലം ബി.സി.സി.ഐ ഡി.ആര്‍.എസിനോട് അനുകൂലമായ നിലപാടെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ 2016ല്‍ ബി.സി.സി.ഐ ഇതിന് പച്ചക്കൊടി കാണിച്ചു. ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യ ആദ്യമായി ഡി.ആര്‍.എസ് ഉപയോഗിച്ചത്. മികച്ച സാങ്കേതിക വിദ്യകളെല്ലാം ക്രിക്കറ്റില്‍ ഉപയോഗിക്കുമ്പോള്‍ ഡി.ആര്‍.എസിനെ മാത്രം പുറത്തിരുത്തേണ്ട ആവശ്യമില്ലെന്ന് ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചു. 

കഴിഞ്ഞ ഡിസംബറില്‍ പത്ത് അമ്പയര്‍മാരെക്കൂടി ബി.സി.സി.ഐ അമ്പയറിങ് പാനലിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഐ.പി.എല്ലില്‍ ഡി.ആര്‍.എസ് ഉപയോഗിക്കുന്നത് മുന്നില്‍കണ്ടാണിത്. ഐ.സി.സിയുടെ അമ്പയര്‍മാരുടെ പരിശീലകന്‍ ഡെനീസ് ബേര്‍ണസും ഓസ്‌ട്രേലിയന്‍ അമ്പയറായ പോള്‍ റെയ്‌ഫെലും ചേര്‍ന്നാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. 

Content highlights: BCCI gives the green signal to DRS in IPL 2018